കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് ട്രെയിൻ പാളം മാറിക്കയറിയ സംഭവത്തിൽ വീഴ്ച വരുത്തിയ സ്റ്റേഷൻ മാസ്റ്റർക്ക് കൂടുതൽ പരിശീലനം നൽകാൻ റെയിൽവേ തീരുമാനം. 15 ദിവസത്തെ പരിശീലനം നൽകുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു. സ്റ്റേഷൻ മാസ്റ്ററുടെ ഭാഗത്ത് ചെറിയ അശ്രദ്ധ ഉണ്ടായതാണെന്നും മറ്റ് സാങ്കേതിക പിഴവുകൾ ഒന്നും തന്നെ ഇല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
ഇതിൽ സുരക്ഷ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. സ്റ്റേഷൻ മാസ്റ്റർ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്ത് ചില യാത്രക്കാർ എത്തി ട്രെയിനിനെ കുറിച്ച് വിശദാംശങ്ങൾ ചോദിച്ച സമയത്ത്, സ്റ്റേഷൻ മാസ്റ്ററുടെ ഭാഗത്ത് നിന്ന് ചെറിയൊരു അശ്രദ്ധ വന്നു. അതുകൊണ്ടാണ് സിഗ്നൽ മാറ്റി കൊടുത്തത്. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ അദ്ദേഹത്തിന് 15 ദിവസത്തെ പരിശീലനം നൽകും. മറ്റ് നടപടികളൊന്നും എടുത്തിട്ടില്ല. പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ വ്യക്തമാക്കി.
വൈകുന്നേരം 6.44നാണ് മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്സ്പ്രസ്സ് ട്രെയിൻ ട്രാക്ക് മാറിക്കയറിയത്. ഇതോടെ എട്ട് മിനിറ്റ് കാഞ്ഞങ്ങാട് സ്‌റ്റേഷനിൽ ട്രെയിൻ അധികമായി പിടിച്ചിട്ടു. ഈ ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഒന്നുമില്ലാത്തതിനാൽ വൻ അത്യാഹിതം ഒഴിവായി. ട്രാക്ക് ഒന്നിലേക്ക് കയറേണ്ട ട്രെയിൻ സിഗ്നൽ മാറിയതിനാൽ മധ്യഭാഗത്തുള്ള ട്രാക്കിലേക്ക് കയറുകയായിരുന്നു. ഇതേ ട്രാക്കിൽ നിർത്തി യാത്രക്കാരെ ഇറക്കിയ ശേഷം ട്രെയിൻ യാത്ര തുടർന്നു.