ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങളുമായി കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് നിയമോപദേശം തേടി. കൊച്ചിയിലെ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന്റെ ഓഫീസിനോട് ആണ് നിയമോപദേശം കസ്റ്റംസ് തേടിയത്.
സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ട നിയമപരമായ നടപടികൾ എന്തൊക്കെയാണ്, ചോദ്യം ചെയ്യുന്നതിന് എന്തെങ്കിലും തരത്തിലുള്ള നിയമ തടസ്സങ്ങൾ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് കസ്റ്റംസ് തേടിയിട്ടുള്ളത്.
അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി വിജയകുമാറിനോടാണ് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ നിയമോപദേശം തേടിയിട്ടുള്ളത് എന്നാണ് റിപ്പോർട്ട്. സുപ്രീം കോടതിയിൽ നിന്ന് നേരത്തെ ഉള്ള ഉത്തരവ് പരിശോധിച്ച് മറുപടി നൽകാമെന്നാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന്റെ ഓഫീസ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.
സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് കൊച്ചിയിൽ ചോദ്യം ചെയ്യുകയാണ്. നാലു തവണ നോട്ടിസ് അയച്ച ശേഷമാണ് കെ അയ്യപ്പൻ ചോദ്യംചെയ്യലിന് ഹാജരായത്.