പള്ളിക്കത്തോട്: സിബിഎസ്ഇ കോട്ടയം സഹോദയ സ്കൂൾ കലോത്സവം ഭവ്യം – 2023ന് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിൽ തിരി തെളിഞ്ഞു. പ്രശസ്ത സിനിമ താരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ലോകത്ത് തന്നെ ക്രത്രിമമായി പലതും നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യഥാർഥ കല കാണാൻ സാധിക്കുന്നത് കലോത്സവ വേദികളിലൂടെയാണെന്ന് ജയരാജ് വാര്യർ പറഞ്ഞു. വിവിധ നടന്മാരുടെ ശബ്ദത്തിൽ പ്രസംഗിച്ചു കലോൽസവ വേദിയെ അദ്ദേഹം വിസ്മയിപ്പിച്ചു.
സഹോദയ കോട്ടയം പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷത വഹിച്ചു. സിറ്റിസൺ ഇന്ത്യ ഫെഡറേഷൻ മാനേജിങ് ട്രസ്റ്റി ടി.കെ.എ. നായർ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പൽ ആർ.സി. കവിത, സ്റ്റാർ സിംഗർ മൽസരാർഥി ഗോകുൽ ഗോപകുമാർ , പ്രഫ. സി.എൻ. പുരുഷോത്തമൻ, ഭാരതീയ വിദ്യാനികേതൻ വൈസ് പ്രസിസന്റ് എം. എസ്. ലളിതാംബിക, സ്കൂൾ ക്ഷേമ സമിതി പ്രസിഡന്റ് അനീഷ് ആനിക്കാട്, മാതൃസമിതി പ്രസിഡന്റ് ഡോ. പ്രീത.ആർ.പിള്ള, സഹോദയ ട്രഷറർ ഫ്രാങ്ക്ളിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
അരങ്ങ് ഉണർന്നത് സ്വാഗത നൃത്തത്തോടെ
അരവിന്ദ വിദ്യാമന്ദിരം സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെയാണ് ഭവ്യം – 2023 ന് തുടക്കമായത്. അനീഷ് ആനിക്കാട് രചിച്ച് പ്രശസ്ത ഗായിക ദുർഗ വിശ്വനാഥ് ആലപിച്ച സ്വാഗത ഗാനവുമായി നടന്ന നൃത്ത ആസ്വാദകരുടെ മനം കവർന്നു. 20 കലാവേദികളിലായി 46 ഇനങ്ങളിലാണ് ആദ്യ ദിനത്തിൽ മൽസരങ്ങൾ അരങ്ങേറിയത്. വെള്ളിയാഴ്ച 34 ഇനങ്ങളിൽ മൽസരങ്ങൾ നടക്കും.
കോട്ടയം, ഇടുക്കി , പത്തനംതിട്ട ജില്ലകളിലെ 110 സ്കൂളുകളിൽ നിന്നുള്ള 5300 കലാപ്രതിഭകളാണ് മൽസരങ്ങളിൽ പങ്കെടുക്കുന്നത്. സമാപനം 28ന് സമാപന സമ്മേളനം 28 ന് വൈകിട്ട് 3.30 ന് നടത്തും. ഗവ. ചീഫ് വിപ്പ് ഡോ എൻ. ജയരാജ് സമ്മാനദാനം നിർവഹിക്കും. പ്രശ്സത സംവിധായകൻ ശ്രീ. ജയരാജ് മുഖ്യാതിഥിയാകും.
വിപുലമായ ഭക്ഷണശാല
കലോൽസവത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് നാട്ടു ഭക്ഷണങ്ങളുടെ രുചിക്കൂട്ടുമായി സജീവമാണ് ഭക്ഷണ ശാല. ദിനവും 4000 ൽ അധികം ആളുകൾക്ക് മൂന്ന് നേരവും ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.