NEWSSocial Media
സരസ്വതി ദേവിയല്ല, അയ്യങ്കാളി നേടിത്തന്നതാണ് വിദ്യാഭ്യാസം; ഒരു വിദ്യാരംഭ കുറിപ്പ്
News DeskOctober 25, 2023
ഞങ്ങളുടെ വിദ്യാദേവത നിങ്ങളുടെ സാങ്കല്പിക സരസ്വതിയല്ല മറിച്ച് സാവിത്രി ഫുലെയാണെന്ന് ഉത്തരേന്ത്യയിലെ ദളിതർ ഇന്നും അഭിമാനത്തോടെ ഓർക്കുന്നു.
കേരളത്തിൽ ദളിതർക്കായി അക്ഷരവും അറിവും പകർന്നുനൽകാൻ ആദ്യമായി പള്ളിക്കൂടം പണിതത് അയ്യങ്കാളിയാണ്.
ഭൂരിപക്ഷജനതയ്ക്ക് അക്ഷരവും അറിവും നിഷേധിച്ച ,ആ സരസ്വതി മാനസാന്തരം സംഭവിച്ച് എല്ലാവർക്കും വിദ്യയും അറിവും നൽകി എന്ന് വിശ്വസിച്ച് പുളകം കൊള്ളുന്നവരെ ഇന്നും കാണാം. കേരളത്തിലെ നവോത്ഥാന മനസ്സുകളും യൂറോപ്യൻ മിഷനറിപ്രവർത്തകരുമാണ് ഈഴവരടക്കമുള്ള വിഭാഗങ്ങൾക്ക് വിദ്യാലയ പ്രവേശനം അനുവദിച്ചത്.അല്ലാതെ ഒരു പൂജാരിയുടെയും മന്ത്രശക്തിയിൽ സരസ്വതി ദേവി പ്രത്യക്ഷപ്പെട്ട് അറിവ് നൽകിയതല്ല.
മഹാകവി കുമാരനാശാൻ 1909 ൽ ശ്രീമൂലം പ്രജാസഭയിൽ ചെയ്ത പ്രസംഗം ഇങ്ങനെയായിരുന്നു,
“ഈഴവപെൺകുട്ടികളെ സർക്കാർ പള്ളിക്കൂടത്തിൽ ചേർത്ത് പഠിപ്പിക്കുന്നതിനെ സംബന്ധിച്ച് ഈ സഭയിൽ കഴിഞ്ഞതവണ പറഞ്ഞ മറുപടിയിൽ, ഈഴവപെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചാൽ മറ്റുപെൺകുട്ടികൾ സ്കൂൾ വിട്ടുകളയുമെന്ന് ഗവർമെണ്ട് ഭയക്കുന്നതായി കാണുന്നു.”
എന്തേ അന്ന് വിദ്യാദേവത സരസ്വതി ഉണ്ടായിരുന്നില്ലേ. ഉണ്ടായിരുന്നു സവർണ്ണർക്കൊപ്പമാണെന്ന് മാത്രം!
1896 ൽ ഡോക്ടർ പൽപ്പുവിൻെറ നേതൃത്വത്തിൽ 13176 ഈഴവർ ഒപ്പിട്ട ഒരു ഭീമഹർജി നാടുവാഴുന്ന പൊന്നുതമ്പുരാന് സമർപ്പിച്ചു,
” ശ്രീ പത്മനാഭൻ തുണ.
പൊന്നു തമ്പുരാൻ തിരുമുമ്പാകെ തൃപ്പാദം കൊണ്ട് കൽപ്പിച്ചു പരിപാലിച്ചു പോരുന്ന പ്രജകളും അഗതികളുമായ താഴെ പേരെഴുതി കൈയ്യൊപ്പിട്ടിരിക്കുന്ന ഈഴവർ ഏറ്റവും താഴ്മയോടുകൂടി കൈകുറ്റപ്പാടു ചെയ്തു തിരുവുള്ളം ഉണർത്തിച്ചുകൊള്ളുന്ന സങ്കടം…
ഇഹപരസുഖങ്ങൾക്ക് നിദാനമായിരിക്കുന്ന വിദ്യഭ്യാസം സകല പ്രജകൾക്കും ഒന്നുപോലെ സിദ്ധിക്കത്തക്കവണ്ണം തിരുവുള്ളമുണ്ടായി സംസ്ഥാനം ഒട്ടുക്കും പാഠശാലകൾ നടത്തിവരുന്നുണ്ടെങ്കിലും അടിയങ്ങളുടെ കിടാങ്ങളെയും പഠിത്തത്തിൽ പ്രോത്സാഹിപ്പിക്കേണ്ട ഗവർമെണ്ട് ഇന്നും അവരെ പാഠശാലകളിൽ കടക്കാൻ സമ്മദിക്കാതെ നിർദ്ദയം ആട്ടിയോടിക്കുകയാണ് ചെയ്യുന്നത്.”
സരസ്വതി ദേവി പ്രസാദിച്ചാലെ വിദ്യയും അറിവും സാദ്ധ്യമാകൂ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചരോട് ഒറ്റ ചോദ്യം,
അക്കാലത്ത് സരസ്വതി ദേവി ജനിച്ചിട്ടില്ലായിരുന്നൊ !
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളത്തിൽ പ്രത്യേകിച്ചും തിരുവിതാംകൂറിൽ സർവ്വേ നടത്തിയ സാമുവൽ മെറ്റീർ പറയുന്നത്,
………. ……… ……… 383017 ഈഴവരിൽ 5928 പുരുഷന്മാർക്കും 93 സ്ത്രീകൾക്കും അക്ഷരഭ്യാസമുണ്ട്. കുറവരുടെ എണ്ണം 56274 ആണ് അവരിൽ 58 പുരുഷന്മാർക്ക് എഴുത്തും വായനയും അറിയാം ഇതിൽ ഒറ്റസ്ത്രീകളുമില്ല .63688 പറയരിൽ 192 പുരുഷന്മാർക്ക് എഴുതാനും വായിക്കാനും അറിയാം സ്ത്രീകളില്ല.188916 പുലയരിൽ 183 പുരുഷന്മാർക്ക് എഴുത്തും വായനയും അറിയാം എന്നാൽ ഒറ്റ സ്ത്രീകളില്ല.
അനാദികാലം മുന്നേ സരസ്വതീ ദേവിയുടെ കളിയാട്ടമുണ്ടായിരുന്നെങ്കിൽ ഈ കണക്കുകൾ എങ്ങിനെ വന്നു.
അന്ന് അക്ഷരവും അറിവും നിഷേധിച്ചവർ , ക്ഷേത്രങ്ങളുടെ കിലോമീറ്ററുകളോളം അകലേക്ക് ആട്ടിപ്പായിച്ചവർ അവരുടെ പിന്മുറക്കാൻ ഇന്ന് ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെയും സരസ്വതി ദേവിയെ കൊണ്ടുവന്ന് അക്ഷരവും അറിവും പകർന്നുനൽകുകയാണ്. അക്ഷരങ്ങളെ വാണിജ്യവൽക്കരിക്കുന്നതിനോടൊപ് പം മതവൽക്കരിക്കയും കൂടിയാണ് അവരിവിടെ ചെയ്യുന്നത്.
(സോഷ്യൽ മീഡിയ)