ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറാകില്ലെന്ന് മിസോറം മുഖ്യമന്ത്രി സോറാം തംഗ.നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തന്റെ സംസ്ഥാനത്ത് പ്രചരണത്തിന് വന്നാല്‍ മോഡിക്കൊപ്പം വേദിയില്‍ ഇരിക്കില്ലെന്ന് സോറം തംഗ തുറന്നടിച്ചു.
ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം ഈ മാസം 30 ന് പ്രധാനമന്ത്രി മിസോറം സന്ദര്‍ശിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ബിജെപി ക്രൈസ്തവ വിരുദ്ധ പ്രസ്ഥാനമായതുകൊണ്ടാണ് ഈ പ്രതികരണമെന്നും പറഞ്ഞു.
ഒക്ടോബര്‍ 30 ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ നഗരമായ മാമിത് ടൗണില്‍ എത്തുന്നുണ്ട്. മിസോറത്തിലെ ജനങ്ങള്‍ മുഴുവന്‍ ക്രിസ്ത്യാനികളാണ്. മണിപ്പൂരില്‍ അവിടുത്തെ ജനത നുറുകണക്കിന് പള്ളികളാണ് അഗ്നിക്കിരയാക്കിയത്.
ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി തനിച്ച് വരികയും തനിച്ച് വേദിയില്‍ ഇരിക്കുകയും ചെയ്യുന്നതാണ് നല്ലത്. എന്റേതായ വേദിയില്‍ ഞാന്‍ തനിച്ച് പങ്കെടുത്തുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയിലെ സഖ്യകക്ഷിയാണ് നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഇഡിഎ).