ഭോപ്പാൽ: മധ്യപ്രദേശില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. വോട്ട് പിടിക്കാൻ ബിജെപി മുതിർന്ന നേതാവും സംസ്ഥാന മന്ത്രിയും പണം വാഗ്ധാനം ചെയ്യുന്നുവെന്ന് പരാതി. റവന്യൂ മന്ത്രി ഗോവിന്ദ സിങ് രാജ്‍പുത്തിനും മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ് വർഗിയക്കെതിരെയുമാണ് ആരോപണം. ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടുന്ന ബൂത്തില്‍ 25 ലക്ഷം രൂപ ചുമതലക്കാർക്ക് നല്‍കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തുവെന്ന് കോൺഗ്രസ് നേതാവ് ശോഭ ഓജ ആരോപിച്ചു.
നേതാക്കൻമാർ പണം വാഗ്ധാനം ചെയ്യുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ബിജെപിക്ക് കൂടുതൽ വോട്ട് ലഭിക്കുന്ന ബൂത്തിന്റെ ഇൻചാർജിന് 25 ലക്ഷം രൂപ നൽകുമെന്ന് മന്ത്രിയും, കോണ്‍ഗ്രസിന് ഒറ്റ വോട്ട് പോലും കിട്ടാത്ത ബൂത്തില്‍ ചുമതലക്കാരന് അൻപത്തിയൊന്നായിരം രൂപ നല്‍കുമെന്ന് കൈലാഷ് വിജയവർഗിയ പറയുന്നതിന്‍റെയും വീഡിയോ ആണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ ബിജെപിക്കെതിരെ കോൺഗ്രസ് നേതാക്കള്‍ വലിയ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
മധ്യപ്രദേശിൽ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. എന്നിട്ടും ബിജെപി നേതാക്കൾ തുടർച്ചയായി ആളുകളെ സ്വാധീനിക്കാൻ ശ്രനിക്കുകയാണെന്ന് മലയാളികൂടിയായ ശോഭ ഓജ ആരോപിച്ചു. ബിജെപി തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് മന്ത്രിക്ക് അറിയാം. അതിനാൽ പണം കൊടുത്ത് ഏതുവിധേനെയും തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്നാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. അതിനായി അവർ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ആതേസമയം സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി മധ്യപ്രദേശിൽ ബിജെപിയിലും കോൺഗ്രസിലും പ്രതിഷേധം തുടരുകയാണ്. സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്നത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയിലാണ് നേതാക്കൾ.