Lead NewsNEWS

ഉദ്ഘാടനത്തിന് മുമ്പ് പാലം തുറന്ന സംഭവം; 3 വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പാലം തുറന്ന സംഭവത്തില്‍ 3 വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. കൊച്ചി സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ഷക്കീര്‍ അലി, പ്രവര്‍ത്തകരായ ആന്റണി ആല്‍വിന്‍, സാജന്‍ എന്നിവരെയാണ് ഇന്നു പുലര്‍ച്ചെ പനങ്ങാട് സി.ഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടില്‍ കയറി അറസ്റ്റു ചെയ്തത്. കഴിഞ്ഞ 31ന് പാലം തുറന്നു നല്‍കുന്നതിനായി വൈറ്റില പാലത്തിന് സമീപം സംഘടിച്ച നേതാക്കളുടെയും പ്രവര്‍ത്തകരുടേയും ചിത്രങ്ങള്‍ നോക്കിയാണ് അറസ്റ്റ് ചെയ്തതെന്ന് വി ഫോര്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ ഇന്ന് മജിസ്‌ട്രേറ്റ് കോടതി ഓണ്‍ലൈനിലൂടെ പരിഗണിക്കും. ഇവരെ റിമാന്‍ഡ് ചെയ്യണമെന്നാണ് പൊലീസ് ആവശ്യം. ഇന്നു പുലര്‍ച്ചെ അറസ്റ്റു ചെയ്തവരെ ഉച്ചയ്ക്ക് ശേഷം ഇതേ കോടതിയില്‍ തന്നെ ഹാജരാക്കും.

Signature-ad

ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.വി ഫോര്‍ കൊച്ചി പ്രതിഷേധം സംഘടിപ്പിക്കുന്നെമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലുവ ഭാഗത്ത് പോലീസ് കാവല്‍ ഉണ്ടായിരുന്നു. വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ അരൂര്‍ ഭാഗത്ത് നിന്ന് പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്ത് വാഹനങ്ങള്‍ മേല്‍പാലത്തിലേക്ക് കടത്തിവിടുകയാണ് ചെയ്തത്. ഇത്തരത്തില്‍ കടത്തിവിട്ട വാഹനങ്ങള്‍ പാലത്തിന്റെ മറുവശത്ത് എത്തിയപ്പോള്‍ അവിടെ ബാരിക്കേഡുകള്‍ ഉണ്ടായതിനാല്‍ ആലുവ ഭാഗത്തേക്ക് പ്രവേശിക്കാനായില്ല. തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ഇവിടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

കഴിഞ്ഞ 31ന് പാലം തുറന്നു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പൊലീസ് സ്ഥലത്തു നില ഉറപ്പിച്ചിരുന്നതിനാല്‍ പദ്ധതി നടന്നിരുന്നില്ല. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലം ഈ മാസം 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധക്കാര്‍ പാലം തുറക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പാലത്തിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിട്ടും അജ്ഞാതരായ ആരോ പാലം തുറന്നു നല്‍കിയതില്‍ പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ല എന്ന സമ്മര്‍ദത്തിന്റെ സാഹചര്യത്തിലാണ് അറസ്റ്റ് നടപടികള്‍ എന്നാണ് പുറത്തുവരുന്ന വിവരം,

2017 ഡിസംബര്‍ പതിനൊന്നിനാണ് വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പലകാരണങ്ങളാല്‍ പൂര്‍ത്തീകരണം വൈകുകയായിരുന്നു. മെട്രോ പാലവുമായുള്ള ഉയരവ്യത്യാസവും, പാലത്തിന്റെ തുടക്കത്തിലെ ഉയരനിയന്ത്രണവും വിവാദങ്ങളായി.

വൈറ്റില ജംക്ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം പണിതിരിക്കുന്നത്. നിര്‍മാണച്ചെലവ് 85 കോടി രൂപ. അതേസമയം, 2018 മാര്‍ച്ചിലാണ് കുണ്ടന്നൂര്‍ പാലത്തിന്റെ പണി തുടങ്ങിയത്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റര്‍ നീളത്തിലാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മാണച്ചെലവ് എഴുപത്തിനാലര കോടി രൂപ.

Back to top button
error: