CrimeNEWS

ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 24 വർഷത്തിനുശേഷം പിടിയിൽ

ആലപ്പുഴ: ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 24 വർഷത്തിനുശേഷം പിടിയിൽ. ചെറിയനാട് കടയ്ക്കാട് മുറി കവലക്കൽ വടക്കത്തിൽ സലീന (50) ആണ് തിരുവനന്തപുരത്ത് നിന്ന് പിടിയിലായത്. പ്രതിയും ഭർത്താവും ചേർന്ന് ആദ്യ ഭാര്യയെ മർദിച്ചതിനു 1999ൽ വെൺമണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് 24 വർഷത്തിന് ശേഷം അറസ്റ്റ്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ ഭർത്താവുമൊത്ത് മുങ്ങുകയായിരുന്നു.

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലായിരുന്നു കുറേ കാലം താമസിച്ചത്. ഇവിടെ ഒളിവിൽ കഴിഞ്ഞുവരവെ സലീന പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ചു. തുടർന്ന് ഗസറ്റിൽ രാധിക കൃഷ്ണൻ എന്ന് പേരുമാറ്റി തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം, പോത്തൻകോട് എന്നീ സ്ഥലങ്ങളിലും പിന്നീട് ബെംഗളൂരുവിലും ഒളിവിൽ താമസിക്കുകയായിരുന്നു. നിരവധി തവണ കോടതി വാറൻറ് പുറപ്പെടുവിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് സലീനയെ 2008ൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നുന്നു. ദീർഘനാളത്തെ ശ്രമത്തിനൊടുവിലാണ് പ്രതിയെ കുറിച്ച് വെൺമണി പൊലീസിന് വിവരം ലഭിച്ചത്.

Signature-ad

തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡാണ് ബെംഗളൂരുവിലെ കൊല്ലക്കടവിലെ വീട്ടിൽ എത്തി പ്രതിയെ അറസ്റ്റുചെയ്തത്. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ -ഹാജരാക്കി. വെൺമണി ഐഎസ്എച്ച്ഒ എ നസീർ, സീനിയർ സിപിഒമാരായ ശ്രീദേവി, റഹിം, അഭിലാഷ്, സിപിഒ ജയരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. 24 വർഷമായി മുടങ്ങികിടന്ന വിസ്താരം ഉടൻ ആരംഭിക്കും.

Back to top button
error: