IndiaNEWS

ആദായനികുതി വകുപ്പിന്റെ റെയ്ഡ്, തമിഴ്‌നാട് ഡി.എം.കെ എംപിയുടെ വീട്ടില്‍ നിന്ന് 32 കോടി രൂപയും 28 കോടിയുടെ സ്വര്‍ണവും പിടിച്ചെടുത്തു

    ഭരണകക്ഷിയായ ഡി.എം.കെയുടെ എം.പി എസ് ജഗത്രാക്ഷകന്റെ വീട്ടിലും  തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ കേന്ദ്രങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി.

ജഗത്രാക്ഷകനുമായി ബന്ധപ്പെട്ട സ്വത്തുക്കളില്‍ ആദായനികുതി വകുപ്പ് ഒക്ടോബര്‍ 5 മുതല്‍ പരിശോധന നടത്തി വരികയാണ്. ഇതുവരെ നടത്തിയ തിരച്ചിലിയില്‍ 60 കോടി രൂപയുടെ പണവും സ്വര്‍ണവും കണ്ടെടുത്തു.

Signature-ad

ആരക്കോണം എംപിയായ ജഗത്രാക്ഷകനുമായി ബന്ധമുള്ളത് അടക്കം രണ്ട് ബിസിനസ് ഗ്രൂപ്പുകളുടെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. കൂടാതെ സവിത വിദ്യാഭ്യാസ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടത്തി. 32 കോടി രൂപ പണമായും 28 കോടിയുടെ സ്വര്‍ണവും പിടിച്ചെടുത്തതായി അധികൃതര്‍ പറഞ്ഞു.

ജഗത്രാക്ഷകന്റെയും സവിത ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട നൂറോളം സ്ഥലങ്ങളില്‍ ഒരാഴ്ച നീണ്ട പരിശോധനയാണ് നടത്തിയത്. ഈ പരിശോധനയില്‍ ആകെ 400 കോടിയുടെ കണക്കില്‍പെടാത്ത ഫീസ് രസീതുകളും ഡിസ്റ്റിലറി ബിസിനസില്‍ 500 കോടിയുടെ വ്യാജ ചെലവും ട്രസ്റ്റുകളില്‍ നിന്ന് 300 കോടി രൂപ വകമാറ്റിയതും കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.

അതേസമയം, റെയ്ഡിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തുവന്നു. സ്വതന്ത്ര അന്വേഷണ ഏജന്‍സികളെ ബി ജെ പി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഡി എം കെ എംപിയുടെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നടത്തിയ റെയ്‌ഡെന്ന് സ്റ്റാലിന്‍ പറഞ്ഞു.

Back to top button
error: