IndiaNEWS

ചോദ്യത്തിന് കോഴ ആരോപണത്തില്‍ വനിതാ എംപിക്കെതിരേയുള്ള പരാതി പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിക്ക്; മാന നഷ്ടക്കേസുമായി മഹുവ മൊയ്ത്ര

ദില്ലി: ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവ മൊയ്ത്ര എംപിക്കെതിരെ, ബിജെപി എംപി നിഷികാന്ത് ദുബൈ നൽകിയ പരാതി സ്പീക്കർ പാർലമെൻറ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. ഹിരാ നന്ദാനി ഗ്രൂപ്പിൽ നിന്ന് കോടികൾ കൈപ്പറ്റിയെന്ന പരാതിയിൽ തെളിവുകളടങ്ങിയ രേഖകൾ കൈമാറിയെന്ന് എംപി അവകാശപ്പെട്ടിരുന്നു. പാർലമെൻറിലെ ഇമെയ്ൽ വിവരങ്ങളടക്കം കൈമാറിയെന്ന പരാതി ഐടി മന്ത്രി അശ്വിനി വൈഷ്ണവിനും ദുബൈ നൽകി. അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ ജെയ് ആനന്ദ് സിബിഐയെ സമീപിച്ചിട്ടുണ്ട്. അതേ സമയം വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി നിഷികാന്ത് ദുബൈക്കും, ജെയ് ആനന്ദിനുമെതിരെ മഹുവ മൊയ്ത്ര ദില്ലി ഹൈക്കോടതിയിൽ മാന നഷ്ടക്കേസ് നൽകി.

ഇതിനിടെ, ചോദ്യത്തിന് കോഴ വിവാദത്തിൽ ബിജെപിക്ക് പിന്നാലെ അദാനി ഗ്രൂപ്പും മഹുവ മൊയിത്ര എംപിക്കെതിരെ രംഗത്തെത്തിയിരുന്നു. വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും, ചില വ്യക്തികളും സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിൻറെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. വിഷയത്തിൽ ബിജെപി നേതാക്കൾ എംപിക്കെതിരെ രൂക്ഷ വിമർശനവും നടപടിയും ആവശ്യപ്പെട്ടിരിക്കെയാണ് അദാനി ഗ്രൂപ്പും പരസ്യ പ്രസ്താവന ഇറക്കിയത്.

Signature-ad

വ്യവസായി ദർശൻ ഹിരാ നന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങി വ്യവസായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ചോദ്യങ്ങൾ പാർലമെൻറിൽ ഉന്നയിച്ചുവെന്നാണ് മഹുവ മൊയിത്രക്കെതിരെ ബിജെപി ആരോപണം. കേന്ദ്രസർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിൻറെ നിഴലിൽ നിർത്തി ചോദ്യങ്ങൾ ചോദിക്കുന്നതിന് ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് രണ്ട് കോടിയോളം രൂപ മഹുവ കൈപ്പറ്റിയെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപയും, ഐഫോണടക്കം വിലയേറിയ സമ്മാനങ്ങളും ഹിരാനന്ദാനി ഗ്രൂപ്പ് മഹുവക്ക് നൽകിയെന്നുമാണ് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭ സ്പീക്കർക്ക് പരാതിയിൽ ആരോപിക്കുന്നത്. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ഹിരൺ അന്ദാനി ഗ്രൂപ്പ് രം​ഗത്തെത്തിയിരുന്നു. ദുബൈയുടെ ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് ഹിരൺ അന്ദാനി ഗ്രൂപ്പ് പ്രതികരിച്ചു. ബിസിനസിലാണ് ശ്രദ്ധയെന്നും, രാഷ്ട്രീയ ബിസിനസിൽ താൽപര്യമില്ലെന്നും ഹിരൺ അന്ദാനി ഗ്രൂപ്പ് പറയുന്നു.

Back to top button
error: