കൊച്ചി: കൊച്ചിയിൽ അരക്കോടി രൂപയുടെ രാസ ലഹരിയുമായി പിടിയിലായ യുവതി അടങ്ങിയ 4 അംഗം സംഘം റിമാൻഡിൽ. ലഹരി വസ്തു കൈമാറ്റത്തിന് ഇടനിലക്കാരനായ കൊല്ലം സ്വദേശിക്കായി എക്സൈസ് സംഘം അന്വേഷണം തുടങ്ങി. ആലുവ ചെങ്ങമനാട് സ്വദേശി അമീറാണ് ഇടപാടിന് നേതൃത്വം കൊടുത്തതെന്നും അമീറിനെ കസ്റ്റഡിയിൽ വാങ്ങാൻ നടപടി തുടങ്ങിയതായും അന്വേഷണ സംഘം വ്യക്തമാക്കി.
കലൂർ സ്റ്റേഡിയം പരിസരത്ത് ഇടപാടുകാർക്ക് കൈമാറൻ 327 ഗ്രാം എംഡിഎംഎയുമായി എത്തിയ കോട്ടയം സ്വദേശിയായ യുവതി ഉൾപ്പെടുന്ന 4 അംഗ സംഘമാണ് കഴിഞ്ഞ ദിവസം എക്സൈസ് വിരിച്ച വലയിൽ വീണത്. സ്റ്റേഡിയം പരിസരത്തെ സ്ഥിരം ഇടപാടുകാർക്ക് ചെറുപാക്കറ്റുകളിലാക്കി ലഹരി മരുന്ന് കൈമാറുന്നതാണ് രീതി. ഒരു ഗ്രാമിന് 6000 രൂപ വരെ ഇവർ ഈടാക്കിയിരുന്നതായാണ് എക്സൈസ് വ്യക്തമാക്കുന്നത്. ഈ സംഘത്തിന് മയക്ക് മരുന്ന് എത്തിക്കാൻ ഇടനിലക്കാരനായ കൊല്ലം സ്വദേശി സച്ചിൻ ആണെന്നാണ് മൊഴി. ഇയാളുടെ ഫോട്ടോയും വിവരങ്ങളും എക്സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ തിങ്കഴാഴ്ച കസ്റ്റഡിയിൽ വാങ്ങി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കാനാണ് നീക്കം.
വിമാനത്താവള പരിസരത്ത് വെച്ചാണ് മയക്ക് മരുന്ന് കൈമാറ്റം നടന്നതെന്നാണ് പ്രതികൾ നൽകിയ മൊഴി. സച്ചിൻ പറഞ്ഞതനുസരിച്ച് ഒരാൾ പാക്കറ്റുമായെത്തി കൈമാറുകയായിരുന്നു. ഇൻറർനെറ്റ് ഫോൺ കോൾ വഴിയാണ് ഇടനലിക്കാർ ഇവരുമായി ബന്ധപ്പെട്ടിരുന്നത്. പിടിയിലായ ആലുവ ചെങ്ങമനാട് സ്വദേശി അമീറാണ് എല്ലാം ഏകോപിപ്പിച്ചിരുന്നതെന്ന്. അമീർ അലൂമിനിയം ഫ്രാബ്രിക്കേഷൻ ജോലിയും ചെയ്തിരുന്നു. കോട്ടയം സ്വദേശി സൂസിമോൾ, അങ്കമാലി സ്വദേശി എൽറോയ്, കാക്കനാടുള്ള അജ്മൽ എന്നിവരാണ് റിമാൻഡിലായ മറ്റ് പ്രതികൾ. രണ്ട് വർഷമായി ഇവർ കൊച്ചിയിൽ രാസലഹരിയുടെ ഇടപാടുകാരാണ്. അമീറിനെ കസ്റ്റഡിയിലെടുത്ത് സംഘത്തിലെ മറ്റുള്ളവരെകൂടി കണ്ടെത്തുന്നതിനാണ് എക്സൈസ് നീക്കം.