തിരുവനന്തപുരം: തലസ്ഥാന വികസനത്തിന് വേഗം കൂട്ടുന്ന കഴക്കൂട്ടം കടമ്പാട്ടുകോണം ദേശീയപാത 66ന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. 29.83 കി. മീ ദൈർഘ്യമുള്ള ആറുവരി പാതയാണ് നിർമ്മിക്കുന്നത്. ആറ്റിങ്ങലിൽ 11.150 കിലോമീറ്റർ ദൈർഘ്യത്തിൽ നാവായിക്കുളം മുതൽ മാമം വരെ ആറ്റിങ്ങൽ ബൈപാസ് നിർമ്മിച്ച് ഇതിനോട് ചേർക്കും. 795 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മിച്ച ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡിനാണ് നിർമ്മാണ് ചുമതല. 2025ൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ.
പദ്ധതി യാഥാർത്ഥ്യമാകുന്നാേടെ ദേശീയപാതയിലെ ഇടപ്പള്ളി മുതൽ കഴക്കൂട്ടം വരെ സിഗ്നലും ജംഗ്ഷനുകളും കാണില്ല എന്നതാണ് സവിശേഷത. ഇടപ്പള്ളി കഴിഞ്ഞാൽ ആക്കുളം ബൈപ്പാസ് റോഡിലെ മുക്കോലയ്ക്കൽ ജംഗ്ഷനിൽ മാത്രമാണ് സിഗ്നൽ ഉണ്ടാവുന്നത്. 80 മുതൽ 120 കീ.മി വരെയാകും ശരാശരി വേഗത. ഇരുവശത്തും ഏഴര മീറ്റർ വീതിയിലുള്ള സർവീസ് റോഡുകളുടെ പണികളും പുരോഗമിക്കുകയാണ്. ഏഴര മീറ്റർ വീതിയിൽ രണ്ടു വാഹനങ്ങൾക്ക് കടന്നു പോകാനാവുന്ന വിധത്തിലാണ് ഇവയുടെ നിർമ്മാണം.
ഓരോ വശത്തും 11.5 മീറ്റർ വീതിയിൽ മൂന്ന് വരിയിലാണ് പ്രധാന റോഡ് നിർമ്മിക്കുന്നത്. നിർദ്ദിഷ്ട കഴക്കൂട്ടം കടമ്പാട്ടുകോണം ദേശീയ പാതയിൽ നാലു സെമി യൂറ്റിലിറ്റി അണ്ടർ പാസ്, ആറു ലൈറ്റ് വെഹിക്കിൾ അണ്ടർ പാസ്, അഞ്ചു വെഹിക്കിൾ അണ്ടർ പാസ് നാലു ഫ്ളൈ ഓവർ, മൂന്നു വെഹിക്കിൾ ഓവർ പാസ് തുടങ്ങിയവ നിർമ്മിക്കും. കല്ലമ്പലം (3 സ്പാൻ), മംഗലപുരം (1 സ്പാൻ), പള്ളിപ്പുറം സി.ആർ.പി.എഫ് (1 സ്പാൻ), കഴക്കുട്ടം വെട്ടുറോഡ് (4 സ്പാൻ) എന്നിവിടങ്ങളിലാണ് ഫ്ളൈ ഓവറുകൾ നിർമ്മിക്കുന്നത്. 30 മീറ്റർ നീളത്തിലാണ് ഓരോ സ്പാനും നിർമ്മിക്കുന്നത്.