തൃശൂർ: ഒന്നര കിലോയോളം കഞ്ചാവും മാരകായുധങ്ങളുമായി കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കോടന്നൂർ എസ് എൻ നഗറിൽ കൊടപ്പുള്ളി വീട്ടിൽ മണികണ്ഠൻ (ആനമണി, 29), ചിറക്കൽ കുറുമ്പിലാവ് കൊല്ലയിൽ വീട്ടിൽ അബിൻരാജ് (28) എന്നിവരാണ് വാടാനപ്പള്ളി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 1.32 കിലോ ഗ്രാം കഞ്ചാവും വടിവാളുകൾ ഉൾപ്പെടെ മാരകായുധങ്ങളും പിടിച്ചെടുത്തു. റേഞ്ച് ഇൻസ്പെക്ടർ എസ് എസ് സച്ചിന്റെ നേതൃത്വത്തിൽ പട്രോളിങ്ങിനിടെയാണ് ഇരുവരും കുടുങ്ങിയത്.
വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി കഞ്ചാവുമായി പോയിരുന്ന അബിൻ രാജാണ് ആദ്യം പിടിയിലായത്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മണികണ്ഠന്റെ കോടന്നൂരിലെ വീട്ടിലെ പരിശോധനയിലാണ് കൂടുതൽ കഞ്ചാവും മാരകായുധങ്ങളും കണ്ടെത്തിയത്. മണികണ്ഠൻ രണ്ട് കൊലക്കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മാപ്രാണത്തെ തിയേറ്റർ കൊലപാതകത്തിലും മൂന്നാറിൽ സഹപ്രവർത്തകനായ ആനപ്പാപ്പാനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.
മാരകായുധങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. പ്രിവന്റീവ് ഓഫീസർമാരായ കെ ആർ ഹരിദാസ്, ടി ആർ സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ജെയ്സൺ പി ദേവസി, ആർ രതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.