NEWSPravasi

ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിന് പരിക്ക്; അപകടം ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കവെ, കണ്ണൂർ സ്വദേശിനി അപകടനില തരണം ചെയ്തു

ദില്ലി: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിന് പരിക്ക്. കണ്ണൂർ പയ്യാവൂർ സ്വദേശിനി ഷീജ ആനന്ദിനാണ് പരിക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയയാക്കിയ അവർ അപകട നില തരണം ചെയ്തു. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയായിരുന്നു മിസൈൽ പതിച്ചത്. അഷ്കിലോണിൽ കെയർടേക്കർ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീജ. അവിടെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഷീജയുടെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടുകാരുമായി സംസാരിച്ചു. ഏഴ് വർഷമായി ഇസ്രായേലിലാണ് ഷീജ.

പലസ്തീൻ സായുധ സംഘമായ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ വിദേശികളടക്കം 600ലേറെ പേരാണ് മരിച്ചത്. നിരവധിപ്പേർക്ക് പരിക്കേറ്റു. 5000 റോക്കറ്റുകളാണ് ഇസ്രയേലിന്റെ നഗരങ്ങളിലേക്ക് പതിച്ചത്. കെട്ടിടങ്ങൾ നിമിഷ നേരം കൊണ്ട് തകർന്നടിഞ്ഞു. പിന്നാലെ ഇസ്രയേൽ തിരിച്ചടിച്ചതോടെ ഗാസ കുരുതിക്കളമായി മാറി.

Signature-ad

ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ടെൽ അവീവിലുണ്ടായിരുന്ന 10 എയർ ഇന്ത്യ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പൈലറ്റുമാർ, കാബിന് ക്രൂ, എയർപോർട്ട് മാനേജർമാർ എന്നവരുൾപ്പെടുന്ന സംഘത്തെയാണ് ഒഴിപ്പിച്ചത്. ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 14 വരെ ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റദ്ദാക്കിയത്. യുദ്ധ മേഖലയിൽ കുടുങ്ങിയ മേഘാലയ സ്വദേശികളും അതിർത്തി കടന്നു. 27 മേഘാലയ സ്വദേശികൾ ഈജിപ്ത് അതിർത്തി കടന്നതായി മുഖ്യമന്ത്രി കോൺറാഡ് സാങ്മ സ്ഥിരീകരിച്ചു. ജെറുസലേമിലേക്ക് പോയവർ ബത്‍ലഹേമിലായിരുന്നു കുടുങ്ങിയത്. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെയാണ് അതിർത്തി കടന്നത്.

Back to top button
error: