IndiaNEWS

വളർത്തു നായക്ക് നടക്കാൻ ദില്ലിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച സംഭവത്തിൽ ഐഎഎസ് ദമ്പതികളിലൊരാളായ റിങ്കു ദു​​ഗ്​ഗയോട് ‘വിരമിച്ച് വീട്ടിലിരുന്നോളൂ’ എന്ന് കേന്ദ്രം

ദില്ലി: വളർത്തു നായക്ക് നടക്കാൻ ദില്ലിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച സംഭവത്തിൽ ഐഎഎസ് ദമ്പതികളിലൊരാളായ റിങ്കു ദു​​ഗ്​ഗയെ നിർബന്ധിച്ച വിരമിക്കലിന് നിർദേശിച്ച് സർക്കാർ. അരുണാചൽ പ്രദേശ് സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലെ തദ്ദേശീയ കാര്യങ്ങളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. 1972 ലെ സെൻട്രൽ സിവിൽ സർവീസസ് (സിസിഎസ്) പെൻഷൻ റൂൾസിലെ നിയമ പ്രകാരമാണ് വിരമിക്കാൻ നിർദേശം നൽകിയത്. പൊതുതാൽപര്യത്തിന് വേണ്ടിയാണെങ്കിൽ ഉദ്യോ​ഗസ്ഥരോട് നിർബന്ധിത വിരമിക്കൽ ആവശ്യപ്പെടാമെന്നും സർക്കാർ വൃത്തങൾ അറിയിച്ചു. 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് റിങ്കു.

കഴിഞ്ഞ വർഷമായിരുന്നു സംഭവം. വളർത്തു നായക്ക് നടക്കാൻ ദില്ലിയിലെ സ്റ്റേഡിയം ഐഎഎസ് ഉദ്യോ​ഗസ്ഥരായ സഞ്ജീവ് ഖിർവാറും ഭാര്യയായ റിങ്കു ദു​ഗ്​ഗയും ഒഴിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സഞ്ജീവിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി. തന്റെ നായക്ക് നടക്കാൻ വേണ്ടി ദില്ലിയിലെ ത്യാഗരാജ് സ്റ്റേഡിയമാണ് ഐഎഎസ് ഓഫിസർ ഒഴിപ്പിച്ചത്. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. സഞ്ജീവ് ഖിർവാറും ഭാര്യ റിങ്കു ദുഗ്ഗയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നയുടനെ ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസാണ് സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ദില്ലി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു സഞ്ജീവ് ഖിർവാർ.

Signature-ad

സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തെ, വൈകുന്നേരം ഏഴിന് പരിശീലനം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടതോടെ‌യാണ് സംഭവം വിവാദമായത്. താരങ്ങളും പരിശീലകരുമാണ് എതിർപ്പുമായി രം​ഗത്തെത്തിയത്. ഐഎഎസ് ഓഫിസറുടെ നായക്ക് നടക്കാനാണ് തങ്ങളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുന്നതെന്ന് ഇവർ ആരോപിച്ചു. എന്നാൽ, കായികതാരങ്ങളുടെ ആരോപണം സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റർ അജിത് ചൗധരി നിഷേധിച്ചു. പരിശീലനം നൽകാനുള്ള ഔദ്യോഗിക സമയം വൈകിട്ട് ഏഴ് മണി വരെയാണെന്നും അതിന് ശേഷം കായിക താരങ്ങളും പരിശീലകരും മൈതാനം വിട്ടുപോകുമെന്നും അദ്ദേഹം വിശദീകരിച്ചു.

Back to top button
error: