ഇ-കൊമേഴ്സ് ഭീമന്മാരായ ഫ്ലിപ്കാർട്ടിന്റെയും ആമസോണിന്റെയും വാർഷിക ഷോപ്പിങ് ഉത്സവങ്ങൾക്ക് ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കി. കൃത്യമായ തീയ്യതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് കമ്പനികളും ഒക്ടോബർ പത്തോടെ ഷോപ്പിങ് മാമാങ്കത്തിന് തുടക്കം കുറിക്കുമെന്നാണ് സൂചനകൾ. ഇതിനോടകം തന്നെ രണ്ട് കമ്പനികളുടെയും വെബ്സൈറ്റുകളിൽ ഓഫറുകൾ അറിയിച്ചുകൊണ്ട് പ്രത്യേക മൈക്രോ വെബ്സൈറ്റുകൾ ആരംഭിച്ചിട്ടുണ്ട്.
ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൻ ഡേയ്ക്കും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിനും വേണ്ടി കാത്തിരിക്കുന്ന ഷോപ്പിങ് കുതുകികളുടെ എണ്ണം ചെറുതല്ല. വൻ ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നതിനാൽ ഷോപ്പിങ്, പ്രത്യേകിച്ചും ഇലക്ട്രോണിക് സാധനങ്ങളുടെ ഷോപ്പിങ് ഈ സമയത്തേക്ക് മാറ്റിവെച്ചിരിക്കുന്നവരും നിരവധിയാണ്. കാണാൻ പോകുന്ന പൂരത്തിന്റെ ടീസർ എന്ന പോലെ ഓഫറുകളെക്കുറിച്ചുള്ള വിശദാംശങ്ങളും സൂചനകളും ഇപ്പോൾ തന്നെ കമ്പനികൾ ഭാഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഓഫറുകൾ ഇപ്പോൾ തന്നെ നേടാനുള്ള അവസരം കൂടി ഒരുങ്ങുന്നത്.
ബിഗ് ബില്യൻ ഡേയ്ക്ക് ദിവസങ്ങൾ ബാക്കി നിൽക്കുകയാണെങ്കിലും ഫ്ലിപ്പ്കാർട്ടാണ് ആദ്യമായി ഇപ്പോൾ തന്നെ അതേ വിലക്കുറവിൽ സാധനങ്ങൾ വിറ്റ് തുടങ്ങിയത്. ഇന്ന് രാവിലെ മുതൽ ബിഗ് ബില്യൻ ഡേയുടെ അതേ വിലയിൽ തെരഞ്ഞെടുത്ത സാധനങ്ങൾ ഫ്ലിപ്കാർട്ട് വെബ്സൈറ്റിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. സെയിൽ പ്രൈസ് ലൈവ് എന്ന സെക്ഷനിൽ ഫ്ലിപ്കാർട്ട് വെബ്സൈറ്റിൽ തന്നെ ഈ വിഭാഗത്തിലുള്ള സാധനങ്ങൾ കണ്ടെത്താനാവും. സ്മാർട്ട് ഫോണുകളാണ് പ്രധാനമായും ഫ്ലിപ്കാർട്ട് ഇങ്ങനെ വിൽക്കുന്നത്.
സാംസ്ങ് ഗ്യാലക്സി എഫ് 13 മോഡൽ 9,199 രൂപയ്ക്കും നത്തിങ് ഫോൺ (1) 5ജി 23,999 രൂപയ്ക്കും ഇങ്ങനെ ഇപ്പോൾ മുതൽ വാങ്ങാം. 9,499 രൂപയാണ് റിയൽമെ സി55ന്റെ വില. മോട്ടോ ജി14 സ്മാർട്ട്ഫോൺ 8,099 രൂപയ്ക്ക് കിട്ടും. പതിനായിരം രൂപ മുതൽ ഇരുപതിനായിരം രൂപ വരെയുള്ള റേഞ്ചിലും നിരവധി സ്മാർട്ട് ഫോണുകൾ ബിഗ് ബില്യൻ ഡേ സെയിലിലെ അതേ വിലയ്ക്ക് ഇപ്പോൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഓപ്പോ എ78 5ജി ഫോൺ 18,999 രൂപയ്ക്ക് ലഭിക്കുന്നുണ്ട്. ഗൂഗിൾ പിക്സൽ 7 ആണ് പ്രീമിയം ഫോണുകളുടെ ഓഫറുകളിൽ പ്രധാനം. പിക്സൽ 7ന് 36,399 രൂപയാണ് ഓഫർ വില. മോട്ടോറോള എഡ്ജ് 30 ഫ്യൂഷൻ 29,999 രൂപയ്ക്ക് ലഭിക്കുന്നു.
ഓഫർ വിലയിലെ വിൽപന ഫ്ലിപ്കാർട്ട് നേരത്തെ തുടങ്ങിയതോടെ കൂടുതൽ ഉത്പന്നങ്ങൾ അണിനിരത്തി ആമസോണും ഇതേ തന്ത്രം തന്നെ പയറ്റിത്തുടങ്ങി. കിക്ക്സ്റ്റാർട്ടർ ഡീൽസ് എന്ന പേരിലാണ് ആമസോൺ സൈറ്റിലെ വിൽപ്പന. സ്മാർട്ട് ഫോണുകൾക്ക് പുറമെ ലാപ്ടോപ്പുകൾ, വാച്ചുകൾ, ഗെയിമിങ് ലാപ്ടോപ്പുകൾ, ഹെഡ്ഫോണുകൾ, ടെലിവിഷനുകൾ, സൗണ്ട് ബാറുകൾ, നിത്യേപയോഗ വസ്തുക്കൾ, ഫാഷൻ, വാഷിങ് മെഷീനുകൾ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവയെല്ലാം ആമസോണിന്റെ കിക്ക്സ്റ്റാർട്ടർ ഡീലുകളിൽ ലഭിക്കും.