കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സന്ദീപിനെ കുത്തിപ്പരിക്കേൽപ്പിച്ച 19 കാരനായ മുഹമ്മദ് തായിഫിനെതിരെ കാപ്പ ചുമത്തും. സ്ഥിരം കുറ്റവാളിയായ ഇയാൾ 21 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ മുഹമ്മദ് തായിഫിനെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയത്.
പിന്നീട് ഇയാളെ മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടത്തിലെ കാടു മൂടിക്കിടക്കുന്ന ഭാഗത്തുനിന്നും പോലീസ് സാഹസികമായി കീഴടക്കി. തായിഫിന്റെ കൂട്ടാളികളായ അക്ഷയ് കുമാര്‍, മുഹമ്മദ് ഷിഹാല്‍ എന്നിവരെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. ജയിലിലായിരുന്ന തായിഫ് മൂന്നാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
തായിഫും കൂട്ടാളികളും ചേര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് വേങ്ങേരിയില്‍ നിന്നും സ്കൂട്ടര്‍ മോഷ്ടിച്ചത്. ഈ സ്കൂട്ടറില്‍ മലപ്പുറം വള്ളുവമ്പ്രത്ത് എത്തിയ സംഘം മറ്റൊരു പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് കോഴിക്കോടിന് മടങ്ങി. സ്കൂട്ടര്‍ അവിടെ ഉപേക്ഷിച്ചു. പള്‍സര്‍ ബൈക്കുകള്‍ തെരഞ്ഞ് പിടിച്ച് മോഷ്ടിക്കുകയാണ് സംഘത്തിന്റെ പതിവ്. തായിഫിനെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് പോലീസ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. തായിഫും കൂട്ടാളികളുമുള്‍പ്പെടെ ഏഴു മോഷ്ടാക്കളെയാണ് ഇന്നലെ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊലീസ് പിടികൂടിയത്.