തിരുവനന്തപുരം: താന്‍ എന്‍ സി പി വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പ്രചാരണങ്ങള്‍ അണികളെ ആശയക്കുഴപ്പത്തിലാക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ഇടതുമുന്നണി വിടുമെന്ന് മുന്നണിയിലെ ആരും പറഞ്ഞിട്ടില്ല. ഞാന്‍ കോണ്‍ഗ്രസ് എസില്‍ ചേരുമെന്നത് ചിലരുടെ ഭാവനാ സൃഷ്ടി മാത്രമാണ്. ഇടതുപക്ഷം വിടേണ്ട സാഹചര്യം എന്‍ സി പിക്ക് ഇപ്പോഴില്ല. എന്‍ സി പിയെ ചുറ്റിപ്പറ്റി ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ എല്ലാം അടിസ്ഥാന രഹിതമാണ്. മത്സരിച്ച എല്ലാ സീറ്റുകളിലും എന്‍ സി പി തന്നെ മത്സരിക്കും. മാണി സി കാപ്പന്‍ അദ്ദേഹത്തിന്റെ ഉത്കണ്ഠകള്‍ പ്രകടിപ്പിച്ചു എന്നുമാത്രം. ജോസ് കെ മാണിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുളളത് എന്‍ സി പിയുടെ തലവേദയാണോ? അത് ഇടതുമുന്നണിയിലെ എല്ലാവരും കൂട്ടായി ആലോചിക്കും’- മന്ത്രി പറഞ്ഞു.
എന്‍ സി പി എല്‍ ഡി എഫ് വിടാന്‍ തീരുമാനിച്ചാലും എ കെ ശശീന്ദ്രന്‍ ഇടതുമുന്നണിയില്‍ത്തന്നെ തുടരും എന്നതരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. മുന്നണിയില്‍ ഉറച്ചുനില്‍ക്കാന്‍ കേരളാ കോണ്‍ഗ്രസിലേക്ക് അദ്ദേഹം ചേക്കേറുമെന്നാണ് കേള്‍ക്കുന്നത്. രാമചന്ദ്രന്‍ കടന്നപ്പള്ളി വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ല. അതിനാല്‍ കേരളാ കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന് എലത്തൂരില്‍ത്തന്നെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് എ കെ ശശീന്ദ്രന്‍ ആലോചിക്കുന്നത്.
ജോസ് പക്ഷം ഇടുപക്ഷത്തേക്ക് എത്തുമെന്ന് ഏറക്കുറെ ഉറപ്പായ സാഹചര്യത്തില്‍ത്തന്നെ എന്‍ സി പി യു ഡി എഫിലേക്ക് പോകാനുളള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ജോസിന് പാലാ സീറ്റ് സി പി എം ഉറപ്പ് നല്‍കിയതോടെ കാപ്പനെ പാലായില്‍ ഇറക്കാന്‍ കോണ്‍ഗ്രസും നീക്കം തുടങ്ങി. കാപ്പന്‍ മാത്രമല്ല എന്‍ സി പി തന്നെ ഇപ്പോള്‍ യു ഡി എഫിലേക്ക് പോകാനുള്ള ശ്രമത്തിലാണ്. അതേസമയം എല്‍ ഡി എഫ് വിടാനില്ലെന്നാണ് എന്‍ സി പി നിര്‍വാഹക സമിതിയംഗം തോമസ് കെ.തോമസ് പറയുന്നത്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും എല്‍ ഡിഎഫ് വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.