NEWSWorld

കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർഥികളും ജാഗ്രത പാലിക്കുക, നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ

   ന്യൂഡൽഹി: കാനഡയിലുള്ള പൗരൻമാർക്ക് മുന്നറിയിപ്പുമായി ഇന്ത്യ. വിദേശകാര്യമന്ത്രാലയമാണ് മുന്നറിയിപ്പ് പുറത്തിറക്കിയത്. കാനഡയിലെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടേയും വിദ്വേഷ കുറ്റകൃത്യങ്ങളുടേയും പശ്ചാത്തലത്തിൽ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

സമാനമായ മുന്നറിയിപ്പ് കാനഡയും നൽകിയിരുന്നു. ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നവരും ഇന്ത്യയിൽ താമസിക്കുന്ന കനേഡിയൻ പൗരൻമാരും ജാഗ്രത പാലിക്കണമെന്നാണ് കാനഡയുടെ മുന്നറിയിപ്പ്.

Signature-ad

ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. പ്രസ്താവനക്ക് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധം വഷളാക്കുകയും ചെയ്തു. രണ്ടു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ട്രൂഡോയുടെ ആരോപണങ്ങൾ ദുരുപദിഷ്ടവും അസംബന്ധവുമെന്ന് പറഞ്ഞ് ഇന്ത്യ തള്ളി.

നിരോധിത ഖലിസ്ഥാൻ സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവിയും ഇന്ത്യ 10 ലക്ഷം രൂപ തലക്ക് വിലയിട്ട കൊടുംഭീകരനുമായ ഹർദീപ് സിങ് നിജ്ജാർ (45) കഴിഞ്ഞ ജൂൺ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് കൊല്ലപ്പെട്ടത്.

സർറിയിലെ ഗുരു നാനാക് ഗുരുദ്വാരയുടെ പാർക്കിങ്ങിൽ സ്വന്തം പിക്കപ് വാനിൽ ​വെടിയേറ്റ്  മരിക്കുകയായിരുന്നു ഗുരുദ്വാരയുടെ പ്രസിഡന്റായ നിജ്ജാർ. പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞെങ്കിലും മൂന്നു മാസമായിട്ടും ആരെയും പിടികൂടാനായില്ല.

കുറ്റവാളികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി ട്രൂഡോ ഇന്ത്യക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. കൃത്യം നടത്തിയത് ഇന്ത്യൻ സർക്കാറിന്റെ ഏജന്റുമാരാണ് എന്നായിരുന്നു കുറ്റപ്പെടുത്തൽ. ഇതിനു പിന്നാലെ രാജ്യത്തെ മുതിർന്ന ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും​ ചെയ്തു.

നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച ഇന്ത്യ ട്രൂഡോയുടെയും കാനഡ വിദേശകാര്യ മന്ത്രിയുടെയും പ്രതികരണങ്ങൾ അസംബന്ധമെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതെന്നും കുറ്റപ്പെടുത്തി.

കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ, രാഷ്ട്രീയ പ്രേരിത വിദ്വേഷ കുറ്റകൃത്യങ്ങൾ, ക്രിമിനൽ അക്രമങ്ങൾ എന്നിവയുടെ വർധന കണക്കിലെടുത്താണ് അവിടെ താമസിക്കുന്നവരോ അവിടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരോ ആയ എല്ലാ ഇന്ത്യക്കാരോടും ജാഗ്രത പാലിക്കാൻ ഇന്ത്യ അഭ്യർഥിച്ചത്.

ഇന്ത്യ വിരുദ്ധ അജണ്ടയ്‌ക്കെതിരെ ശബ്ദമുയർത്തുന്ന ഇന്ത്യൻ നയതന്ത്രജ്ഞരെയും ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെയും ലക്ഷ്യമിട്ട് കാനഡയിൽ അടുത്തിടെ ഭീഷണികൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, കാനഡയിലെ അത്തരം പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നാണ്  നിർദ്ദേശം.

കാനഡയിലെ സുരക്ഷാ അന്തരീക്ഷം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർഥികൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രത്യേകം നിർദേശിക്കുന്നതായി ഇന്ത്യാ ഗവൺമെന്റ് അറിയിച്ചു. ഇന്ത്യൻ പൗരന്മാരോടും കാനഡയിൽ താമസിക്കുന്ന വിദ്യാർഥികളോടും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും ടൊറന്റോയിലും വാൻകൂവറിലുമുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും madad.gov.in എന്ന ഹെൽപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ ഖലിസ്ഥാന്‍ ഭീകരനും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ്‌സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ‘അതീവ ഗുരുതരം’ എന്ന് അമേരിക്ക. വിഷയത്തില്‍ അന്വേഷണം നടത്താനുള്ള കാനഡയുടെ നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി പറഞ്ഞു.

Back to top button
error: