കോഴിക്കോട്: താമരശ്ശേരി വനം വകുപ്പ് ഓഫീസ് ആക്രമണ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. 34 പ്രതികളെയാണ് കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. തുടക്കം മുതൽ അട്ടിമറി ആരോപണം ഉയര്‍ന്ന കേസിന്റെ വിചാരണ വേളയിൽ കേസ് ഡയറി കാണാതായതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂറുമാറ്റവും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
കസ്തൂരി രംഗൻ റിപ്പോർട്ടിനെ തുടർന്ന് നടന്ന മലയോര ഹർത്താലിനിടെ 2013ലായിരുന്നു സംഭവം. താമരശ്ശേരിയിലെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് ആക്രമിച്ച പ്രതികൾ വനംവകുപ്പിന്റേതടക്കം നിരവധി വാഹനങ്ങള്‍ തകർത്തിരുന്നു. നിരവധി ഫയലുകൾ അഗ്നിക്കിരയാക്കി. 80 ലക്ഷം രൂപയോളം നഷ്ടം വന്നെന്നായിരുന്നു സർക്കാർ കണക്ക്. ഈ കേസിലാണ് മതിയായ തെളിവുകളുടെ അഭാവത്തിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടത്. 29 സാക്ഷികളെ കോടതി വിസ്തരിച്ചു. കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ പലരെയും തിരിച്ചറിയാൻ കഴിയില്ലെന്ന് വിചാരണ ഘട്ടത്തില്‍ കോടതിയെ അറിച്ചിരുന്നു. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ഉൾപ്പെടെ നിർണായക സാക്ഷികളായ നാലുപേർ കൂറുമാറുകയും ചെയ്തിരുന്നു.
കേസിൽ 35 പേരായിരുന്നു പ്രതിചേർക്കപ്പെട്ടത്. അഞ്ചാംപ്രതി സുരേഷ് വിചാര കാലയളവിനിടെ മരിച്ചു. പ്രോസിക്യൂഷൻ വാദം നേരത്തെ പൂർത്തിയായെന്ന കാരണത്താൽ പ്രൊസിക്യൂട്ടറെ വിധി പറയുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ മാറ്റിയിരുന്നു. പുതിയ പ്രോസിക്യൂട്ടർ ചുമതലയേറ്റ ശേഷമേ വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ തീരുമാനമാകൂ.