KeralaNEWS

കെ.വി.തോമസുമായി അഭിപ്രായ വ്യത്യാസം; പണി അവസാനിപ്പിച്ച് വേണു രാജാമണി

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി (വിദേശ സഹകരണം) വേണു രാജാമണി സേവനം അവസാനിപ്പിച്ചു. കാലാവധി രണ്ടാഴ്ചത്തേക്കു നീട്ടി നല്‍കിയിരുന്നെങ്കിലും തുടരാന്‍ അദ്ദേഹം വിസമ്മതിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം വേണുവിന്റെ സേവനം അവസാനിപ്പിക്കാനാണു സര്‍ക്കാര്‍ നീക്കമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ഇന്നു മുതല്‍ 30 വരെയാണ് കാലാവധി നീട്ടിനല്‍കിയിരുന്നത്. ഒരു ഔദ്യോഗിക കാര്യം പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് കാലാവധി നീട്ടിയത്. എന്നാല്‍, അതു റദ്ദായ സാഹചര്യത്തില്‍ താന്‍ തുടരുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വേണു വ്യക്തമാക്കി. കത്ത് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. 2 വര്‍ഷക്കാലം സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാലയളവില്‍ നടത്തിയ ഇടപെടലുകളുടെ റിപ്പോര്‍ട്ടുകളും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Signature-ad

ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ പ്രഫ. കെ.വി.തോമസുമായുള്ള അഭിപ്രായവ്യത്യാസമാണു പ്രശ്നം സൃഷ്ടിച്ചതെന്നാണു സൂചന.

പിണറായി രണ്ടാം തവണ അധികാരമേറ്റ ശേഷം 2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ സംസ്ഥാന സര്‍ക്കാരിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി നിയമിച്ചത്. ചീഫ് സെക്രട്ടറിക്കു തുല്യമായ റാങ്കില്‍ ഒരു വര്‍ഷത്തേക്കുള്ള നിയമനം പിന്നീട് ഒരുവര്‍ഷം കൂടി നീട്ടിനല്‍കി. ഇതിനു ശേഷം 2023 ജനുവരിയില്‍ കെ.വി.തോമസിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമിച്ചു. ഇതോടെ വേണുവിന്റെ പദവി ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി (വിദേശ സഹകരണം) എന്നു മാറ്റി.

Back to top button
error: