കാങ്ങാടിനടുത്ത് കളനാട് അരമങ്ങാനത്ത് പിഞ്ചുകുഞ്ഞിനേയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ യുവതി എഴുതിയ കുറിപ്പ് കണ്ടെത്തി. മകനെ നന്നായി നോക്കണമെന്ന് യുവതിയുടെ മാതാവിന് എഴുതിയ കത്തിൽ പറയുന്നു. രണ്ട്‍ ദിവസം മുമ്പ് കുടുംബാംഗങ്ങളുമൊത്ത് താജ്മഹൽ അടക്കമുള്ള സ്ഥലങ്ങളിൽ വിനോദയാത്ര നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കളനാട് അരമങ്ങാനത്തെ പി എ അബ്ദുർ റഹ്‌മാന്റെ മകളും കീഴൂരിലെ താജുദ്ദീന്റെ ഭാര്യയുമായ റുബീന (30), മകൾ ഹനാന മറിയം (അഞ്ച്) എന്നിവരെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വയസുകാരനായ ആശിഖാണ് മറ്റൊരു മകൻ
റുബീന നേരത്തെ കെ.ജി സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. പഠനത്തിലും മിടുക്കിയായിരുന്ന റുബീന എം.എ ഇംഗ്ലീഷ് പൂർത്തിയാക്കിയിരുന്നു.
അടുത്തിടെ ജോലിയിൽ നിന്ന് താത്കാലികമായി ഒഴിഞ്ഞ് പയ്യന്നൂരിലെ ഒരു സ്ഥാപനത്തിൽ നിന്ന് പരീക്ഷയിൽ ഉന്നതവിജയം നേടി സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് റുബീനയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പ്രദേശവാസികൾ സൂചന നൽകുന്നു.
അടുത്തിടെ യുവതി വീട് നിർമിക്കുന്നതിനായി അഞ്ച് സെന്റ് സ്ഥലം വാങ്ങിയിരുന്നു. യുവതിയുടെ പിതാവ് വീട് നിർമാണത്തിനായി ഒരു ലക്ഷം രൂപ നൽകിയതായും പറയുന്നു. മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെ യുവതിയെയും കുഞ്ഞിനേയും കാണാതായിരുന്നു. ഇതിനിടയിൽ വീട്ടിൽ നിന്ന് കത്ത് കണ്ടെടുക്കുകയും ചെയ്തു. ഇതേതുടർന്ന് മേൽപറമ്പ് പൊലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിനിടെയാണ്, നിരവധി വീട്ടുകാർ വെള്ളമെടുത്തിരുന്ന ഇവരുടെ സമീപത്തുള്ള കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. ഏഴ് വർഷം മുമ്പാണ് റുബീനയുടെയും താജുദ്ദീന്റെയും വിവാഹം കഴിഞ്ഞത്. ഇവർക്ക് ഇളയ മകനുണ്ട്. ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയച്ചു.