KeralaNEWS

പശ്ചിമ കൊച്ചിയെ അവഗണിച്ച് മെട്രോ കോർപ്പറേഷൻ

എറണാകുളം: കൊച്ചി മെട്രോ എന്നാണ് പേരെങ്കിലും പശ്ചിമ കൊച്ചിയെ അവഗണിച്ച് മെട്രോ റെയിലും വാട്ടർ മെട്രോയും.വടക്ക് അങ്കമാലിയിലേക്കും തെക്ക് അരൂര്‍ മേഖലയിലേക്കും മെട്രോ റെയില്‍ നീട്ടുമ്ബോഴും തീരദേശ മേഖലയെ പരിഗണിക്കാതെ കണ്ണടയ്ക്കുകയാണ് അധികൃതര്‍.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ടൂറിസം മേഖല, ലോക പൈതൃക നഗരി, ബിനാലേയടക്കമുള്ള കലാ-സാംസ്കാരിക മേഖല, ലോകത്ത് കണ്ടിരിക്കേണ്ട ഇടങ്ങളില്‍ ഒന്നായി ബി.ബി.സിയടക്കം ചൂണ്ടിക്കാട്ടിയിട്ടുള്ള വാണിജ്യ കേന്ദ്രമായ മട്ടാഞ്ചേരി ബസാര്‍, മൂന്ന് വിദേശ നാഗരികതകള്‍ കൈവരിച്ച പൈതൃക നഗരം, തുറമുഖ അനുബന്ധ മേഖല, രാജ്യത്തെ ആദ്യ മാതൃക ടൂറിസം ഗ്രാമമായ കുമ്ബളങ്ങി, സുഗന്ധ വ്യഞ്ജന വിപണി, രാജ്യത്തെ വിവിധ സംസ്കാരിക ജനവാസ ദേശീയോദ്ഗ്രഥന കേന്ദ്രം, തുടങ്ങിയവ ഉൾപ്പെടുന്ന ആഗോളതലത്തില്‍ ശ്രദ്ധേയമായ ടൂറിസം പൈതൃക നഗരികളിലൊന്നാണ് പരമ്ബരാഗത കൊച്ചി.

തൊഴിലാവശ്യങ്ങള്‍ക്കായി പ്രതിദിനം ആയിരങ്ങളാണ് ഇവിടെ നിന്നും നഗര മേഖലയിലേക്ക് യാത്ര ചെയ്യുന്നത്. കൂടാതെ കയറ്റുമതി സംസ്ക്കരണശാലകള്‍, അധിനിവേശ സ്മാരകങ്ങള്‍ തുടങ്ങിയവയുടെ ആകര്‍ഷണ കേന്ദ്രം കൂടിയാണ് പരമ്ബരാഗത കൊച്ചി. ടൂറിസം ഹബായ ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലയിലേക്ക് മെട്രോ റെയില്‍ റൂട്ട് ഒരുക്കാമെന്നിരിക്കെയാണ് വിവിധ തല തടസ്സങ്ങളുയര്‍ത്തി കൊച്ചി മെട്രോ റെയില്‍ പമ്ബരാഗത കൊച്ചിയെ അവഗണിക്കുന്നതെന്ന് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വാട്ടര്‍ മെട്രോ ജെട്ടികള്‍ നിര്‍മിക്കുന്നതിലും ഈ മേഖലയോട് അവഗണന തന്നെ.

Signature-ad

മട്ടാഞ്ചേരിയില്‍ ഇതുവരെ വാട്ടര്‍ മെട്രോ ജെട്ടിയുടെ പണി പോലും ആരംഭിച്ചിട്ടില്ല. രാജ്യത്തെ തന്നെ ആദ്യ പാസഞ്ചര്‍ ബോട്ട് ജെട്ടികളില്‍ ഒന്നായ മട്ടാഞ്ചേരിയോടാണ് ഈ അവഗണനയെന്നതും ശ്രദ്ധേയമാണ്. ജനപ്രതിനിധികള്‍ ഇക്കാര്യത്തിൽ കാര്യമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Back to top button
error: