KeralaNEWS

കുടിശ്ശിക ഉള്‍പ്പെടെ 15,127 രൂപ അടച്ചില്ല; ഡിഇഒ ഓഫീസിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി!

തിരുവനന്തപുരം: പണമടയ്ക്കാത്തതിനാല്‍ തിരുവനന്തപുരം ആറ്റിങ്ങൽ ഡിഇഒ ഓഫീസിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി. പലപ്പോഴായുള്ള കുടിശ്ശിക ഉള്‍പ്പെടെ 15,127 രൂപയുടെ ബില്ലാണ് ഈ മാസം ഒന്നാം തീയതിക്കകം അടയ്ക്കാനുണ്ടായിരുന്നത്. പണം അടയ്ക്കാതെ ഇരുന്നതോടെയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. വൈദ്യുതി ബന്ധം നിലച്ചതോടെ ഡിഇഒ ഓഫീസിന്റെ പ്രവർത്തനങ്ങൾ താറുമാറായി.

ഒന്നാം തീയതി ബില്ല് കൊണ്ടുവന്നപ്പോള്‍ തന്നെ കാശ് അടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിരുന്നു. ബില്ല് അടയ്ക്കാതിരുന്നതോടെ രണ്ടാം തീയതി തന്നെ കെഎസ്ഇബി ആറ്റിങ്ങല്‍ ഡിഇഒ ഓഫീസിന്‍റെ ഫ്യൂസ് ഊരുകയും ചെയ്തു. അതോടെ ഡിഇഒ ഓഫീസിന്‍റെ പ്രവര്‍ത്തനവും താറുമാറായി. സിംഗിള്‍ ഫെയ്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ത്രീഫെയ്‌സിലാണ്. നേരത്തെ ഏകദേശം അയ്യായിരം രൂപയോളം ബില്ല് അടയ്‌ക്കേണ്ടിയിരുന്നത് തീഫെയ്‌സ് ആയതോടെ ആയിരത്തി അഞ്ഞൂറ് രൂപയോളം വര്‍ധിച്ചിട്ടുണ്ട്.

Signature-ad

ഇതിന് മുമ്പുള്ള ബില്ലുകളിന്മേല്‍ തുക പൂര്‍ണ്ണമായും അടച്ചിരുന്നില്ല. അങ്ങനെ പലപ്പോഴായി വന്ന കുടിശ്ശികയായ 8,368 രൂപ കൂടി ചേര്‍ത്താണ് ഇപ്പോള്‍ 15,127 രൂപ ബില്‍ വന്നത്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയുടെ ആസ്ഥാന മന്ദിരം തന്നെ രണ്ട് ദിവസം ഇരുട്ടിലായത് അധികൃതരുടെ ഭാഗത്ത് നിന്ന് വന്ന ഗുരുതര വീഴ്ചയാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള നിരവധി സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്.

വിദ്യാഭ്യാസ മേഖലയെ അധികൃതര്‍ എത്രത്തോളം ലാഘവ ബുദ്ധിയോടെയാണ് കാണുന്നത് എന്നതിന് വ്യക്തമായ തെളിവാണ് ഈ സംഭവം. തുച്ഛമായ ബില്‍ തുക പോലും കൃത്യമായി അടയ്ക്കാതെ അധികൃതര്‍ അലംഭവം കാണിച്ചതിന്റെ ഫലമാണ് രണ്ട് ദിവസം ഒരു വിദ്യാഭ്യാസ ജില്ലയുടെ ആസ്ഥാന മന്ദിരം തന്നെ ഇരുട്ടിലായത്.

 

Back to top button
error: