തിരുവനന്തപുരം: ഓണത്തിരക്കിനിടെ സംസ്ഥാനത്ത് ഇ – പോസ് തകാറിലായി. മിക്ക ജില്ലകളിലും ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി. സാധാരണ റേഷന്‍ വിതരണത്തിന് പുറമെ ഓണം സ്‌പെഷ്യല്‍ അരി വിതരണവും ഓണക്കിറ്റ് വിതരണം അടക്കം മുടങ്ങുമെന്നാണ് ആശങ്ക. ബയോമെട്രിക് പരാജയപ്പെട്ടു. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള ഒടിപി വഴി മാത്രമാണ് റേഷന്‍ നടക്കുന്നത്.
ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെയാണ് സംസ്ഥാനത്ത് ഇ – പോസ് തകാറിലാവുന്നത്. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, പത്ത് ശതമാനം കിറ്റ് മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. ഇന്നലെ രാത്രി പത്ത് മണി വരെയുള്ള കണക്ക് പ്രകാരം 62,231 കിറ്റുകളാണ് ആകെ വിതരണം ചെയ്തത്. സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് കിറ്റ് നല്‍കേണ്ടത്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ്.
ഇന്ന് ഉച്ചയോടെ മുഴുവന്‍ കിറ്റുകളും റേഷന്‍ കടകളില്‍ എത്തിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇന്നലെ ഉച്ചയോടെ മുഴുവന്‍ കിറ്റുകളും റേഷന്‍ കടകളില്‍ എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും, പായസം മിക്‌സും കറിപൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മില്‍മയുടെ പായസം മിക്സും, റെയ്ഡ്‌കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളില്‍ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിം?ഗ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.