KeralaNEWS

കൊല്ലം റെയിൽവേ സ്റ്റേഷനിലെ കൊലപാതകം; പ്രതിയെ കുടുക്കിയത് ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മ

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കുത്തേറ്റ യുവാവ് മരിച്ച സംഭവത്തിലെ പ്രതിയെ പിടികൂടാൻ സഹായിച്ചത് ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മ.ഫ്രണ്ട്സ് ഓണ്‍ റെയില്‍ എന്ന യാത്രക്കാരുടെ കൂട്ടായ്മയിലുള്ള രണ്ടുപേര്‍ നല്‍കിയ വിവരം അനുസരിച്ചാണ് പ്രതിയെ കായംകുളത്ത് വെച്ച്‌ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണൻ(62) ആണ് പിടിയിലായത്.പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം കൊല്ലം ഈസ്റ്റ് പൊലീസ് റെയില്‍വേ യാത്രക്കാരുടെ ഗ്രൂപ്പിലേക്ക് കൈമാറുകയായിരുന്നു. ഇത് അനുസരിച്ചാണ്, ട്രെയിൻ യാത്രയ്ക്കിടെ ഫ്രണ്ട്സ് ഓണ്‍ റെയില്‍ ഗ്രൂപ്പ് അംഗങ്ങളായ രണ്ടുപേര്‍ പ്രതിയെ തിരിച്ചറിഞ്ഞതും, വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തത്. ഇവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെ കായംകുളം പാസഞ്ചറില്‍നിന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.തൃക്കരുവ സ്റ്റേഡിയത്തിന് സമീപം കളീലില്‍ ചിറയില്‍ അബ്ദുല്‍ അസീസിന്‍റെ മകൻ അനീസ്(38) ആണ് കൊല്ലപ്പെട്ടത്.കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം മക്കാനി എന്ന സ്ഥലത്തുവെച്ചാണ് അനീസിന് കുത്തേറ്റത്. തുടര്‍ന്ന് കര്‍ബല ഓവര്‍ബ്രിഡ്ജ് വഴി കൊല്ലം റെയില്‍വേ സ്റ്റേഷനിലെ 1എ പ്ലാറ്റ്ഫോമിലെത്തിയ അനീസ് അവിടെവെച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

Back to top button
error: