KeralaNEWS

ഓണക്കിറ്റ് വിതരണം തുടങ്ങി, വെളിച്ചെണ്ണ മുതൽ ഉപ്പുവരെ 13 ഇനം  ഭക്ഷ്യോൽപ്പന്നങ്ങൾ

   ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ഇന്ന് (ബുധൻ) ആരംഭിച്ചു. കിറ്റ്‌ വിതരണ ഉദ്‌ഘാടനം രാവിലെ 8.30ന്‌ തിരുവനന്തപുരത്ത് തമ്പാനൂർ ഹൗസിങ്‌ ബോർഡ് ജങ്‌ഷനിൽ  ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു. ഞായറും തിങ്കളും റേഷൻകട പ്രവർത്തിക്കും സംസ്ഥാനത്തെ റേഷൻ കടകൾ 27, 28 തീയതികളിൽ തുറന്ന്‌ പ്രവർത്തിക്കും. തിരുവോണം മുതൽ ചതയദിനം വരെ മൂന്നുദിവസം അവധിയായിരിക്കും. 5,87,691 എ.എ.വൈ. കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഇത്തവണ ഓണക്കിറ്റുകൾ നൽകുന്നത്. ആഗസ്റ്റ് 24 മുതൽ 27 വരെ എല്ലാ ജില്ലകളിലും റേഷൻകടകളിലൂടെ ഓണക്കിറ്റുകൾ വിതരണം ചെയ്യും.

അതേസമയം, ഓണത്തോട അനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം ഉത്സവബത്ത നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണം പ്രമാണിച്ച് ആയിരം രൂപ ഉത്സവബത്തയായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

Signature-ad

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിച്ചത്. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2750 രൂപയും പ്രഖ്യാപിച്ചിരുന്നു. ഓണം അഡ്വാന്‍സായി 20000 രൂപ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും നല്‍കും.

. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണിസഞ്ചി എന്നിവയാണ് ഓണക്കിറ്റിൽ ഉണ്ടാവുക.

ഇത്തവണ കൂടുതൽ ഇനങ്ങൾ ഉൾപ്പെട്ട കിറ്റ് നൽകാനാണ് സർക്കാർ ആദ്യം ആലോചിച്ചത്. എന്നാൽ സാമ്പത്തിക പ്രശ്നം മൂലം ധനവകുപ്പ് അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ ചില ഇനങ്ങൾ കുറയ്ക്കുകയായിരുന്നു. ഇത്തവണ എല്ലാവർക്കും കിറ്റ് നൽകാനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു.

സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നത്. നിലവില്‍ അവര്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നല്‍കുന്നത്. സിവില്‍സപ്ലൈസ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി സാധനങ്ങള്‍ ശേഖരിച്ചാണ് കിറ്റ് നല്‍കുക. ശര്‍ക്കര, ചായപ്പൊടി, പഞ്ചസാര, ചെറുപയര്‍ പരിപ്പ് തുടങ്ങിയ 8 ഇനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പും സിക്കള്‍സെല്‍ രോഗികളുടെ കൂട്ടായ്മയും ചേര്‍ന്ന് വരുന്ന വെള്ളിയും ശനിയും കൊണ്ട് കിറ്റ് വിതരണം ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി

Back to top button
error: