മലബാറുകാരുടെ മാവേലിത്തമ്ബുരാനാണ് ഓണപ്പൊട്ടൻ എന്ന് ലളിതമായി പറയാം. അധികവും കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലെ ഗ്രാമപ്രദേശങ്ങളിലാണ് ഓണപ്പൊട്ടനെ കാണാൻ സാധിക്കുക.
മഹാബലിയുടെ പ്രതിപുരുഷനാണ് ഇത്. തെയ്യം കലാരൂപത്തിന് ഏറെ പേരുകേട്ട വടക്കൻ മലബാറില്‍ മഹാബലിയെ പ്രതിനിധീകരിച്ച് കെട്ടുന്ന തെയ്യക്കോലമാണ് ഓണപ്പൊട്ടൻ.
ഉത്രാടനാളിലും തിരുവോണനാളിലും മണി കിലുക്കി, വീടുവീടാന്തരം കയറി പ്രജകളെ അനുഗ്രഹിച്ച് ഓണപ്പൊട്ടൻ മടങ്ങും. ഇതാണ് രീതി. പ്രജകളെ സന്ദര്‍ശിക്കുന്ന വേളയിലോ അനുഗ്രഹം ചൊരിയുമ്ബോഴോ ഒന്നും ഓണപ്പൊട്ടൻ സംസാരിക്കില്ല. ഇക്കാരണം കൊണ്ടാണ് ഓണപ്പൊട്ടന് ഈ പേര് ലഭിച്ചതും.
ഓട്ടുമണി കിലുക്കിയെത്തുന്ന ഓണപ്പൊട്ടനെ നിറനാഴിയും നിലവിളക്കും വച്ചാണ് ഓരോ വീട്ടുകാരും സ്വീകരിക്കുക. മണി കിലുക്കി ഓണപ്പൊട്ടൻ വീടിന് ചുറ്റും ഓടിയാല്‍ അത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.
മലയ സമുദായക്കാരാണ് ഓണപ്പൊട്ടന്‍റെ വേഷം കെട്ടുന്നത്. അത്തം മുതല്‍ തിരുവോണം വരെ ഇവര്‍ ഇതിനായി നോമ്ബ് നോല്‍ക്കും. ഇന്നും അന്യംനില്‍ക്കാതെ ഈ ആചാരങ്ങള്‍ തുടരുമ്ബോള്‍ കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന സാംസ്കാരികത്തനിമ തന്നെയാണ് ഇതിലൂടെയെല്ലാം കാത്തുപോരുന്നത്.