CrimeNEWS

ആളുകളെ നഗ്നരായി കാണുന്ന മാന്ത്രിക കണ്ണാടി, കണ്ണാടിയിൽ നോക്കിയാൽ ഭാവി പ്രവചിക്കാം! കേട്ടപാതി കേൾക്കാത്ത പാതി 72കാരൻ എടുത്തു ചാടി; ഒമ്പതുലക്ഷം രൂപ നഷ്ടപ്പെട്ടു

ളുകളെ നഗ്നരായി കാണാൻ കഴിയുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് പറഞ്ഞ് 72 -കാരനിൽ നിന്നും പണം തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നുള്ള മൂന്നു പേരെയാണ് കഴിഞ്ഞ ദിവസം ഭുവനേശ്വറിലെ നയാപള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാൺപൂർ സ്വദേശിയായ 72 -കാരനാണ് തട്ടിപ്പിനിരയായത്. ഇയാളിൽ നിന്നും ആളുകളെ നഗ്നരായി കാണുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപയാണ് ഈ മൂന്നംഗ സംഘം തട്ടിയെടുത്തത്. സാന്ത്രാഗച്ചി സ്വദേശിയായ പാർത്ഥ സിംഗ്‌റേ (46), നോർത്ത് 24 പർഗാനാസിൽ നിന്നുള്ള മൊലയ സർക്കാർ (32), കൊൽക്കത്ത സ്വദേശി സുദീപ്ത സിൻഹ റോയ് (38) എന്നിവരാണ് പൊലീസ് പിടിയിലായത്.

പരാതിക്കാരനായ അവിനാഷ് കുമാർ ശുക്ല പറയുന്നതനുസരിച്ച്, കാൺപൂരിലെ സുഹൃത്തായ വീരേന്ദ്ര ദുബെ മുഖേനയാണ് ഇയാൾ പ്രതികളുമായി ബന്ധപ്പെട്ടത്. പുരാതന വസ്തുക്കൾ വിൽക്കുന്ന സിംഗപ്പൂരിലെ കമ്പനിയുടെ പ്രതിനിധികളായി നടിച്ചാണ് പ്രതികൾ രണ്ടുകോടി രൂപയ്ക്ക് ശുക്ലയ്ക്ക് മാന്ത്രിക കണ്ണാടി വാഗ്ദാനം ചെയ്തത്. വിശ്വാസം നേടിയെടുക്കുന്നതിനായി പ്രതികൾ തങ്ങളുടെ കയ്യിൽ നിന്നും മുൻപ് മാജിക് മിറർ ഉൾപ്പെടെയുള്ള പുരാതന വസ്തുക്കൾ വാങ്ങിയവരാണെന്ന് അവകാശപ്പെടുന്ന നിരവധി ആളുകളെ ഇയാൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.

Signature-ad

തുടർന്ന് മാന്ത്രിക കണ്ണാടി വാങ്ങാൻ പണവുമായി ഭുവനേശ്വറിലേക്ക് വരണമെന്ന് പ്രതികൾ ശുക്ലയോട് അഭ്യർത്ഥിച്ചു. അങ്ങനെ പണവുമായി ഭുവനേശ്വറിൽ എത്തിയ ഇയാൾ ഒരു ഹോട്ടലിൽ വച്ച് 9 ലക്ഷം രൂപ പ്രതികൾക്ക് കൈമാറി. എന്നാൽ, പിന്നീട് താൻ തട്ടിപ്പിനിരയാവുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അമേരിക്കയിലെ നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനിലെ (നാസ) ശാസ്ത്രജ്ഞരും സമാനമായ കണ്ണാടി ഉപയോഗിക്കുന്നതായി പ്രതികൾ ശുക്ലയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. കൂടാതെ കണ്ണാടിയിൽ നോക്കിയാൽ ഭാവി പ്രവചിക്കാൻ കഴിയുമെന്ന മോഹന വാഗ്ദാനവും മാന്ത്രിക കണ്ണാടി സ്വന്തമാക്കാനുള്ള ആഗ്രഹത്തിലേക്ക് ഇയാളെ എത്തിച്ചു എന്നാണ് പൊലീസ് പറയുന്നത്.

Back to top button
error: