HealthNEWS

ഒറ്റമൂലി ചികിത്സ

1. ഇഞ്ചിനീരും ഉപ്പും
 ചെറുനാരങ്ങാനീരും ചേര്‍ത്ത്‌ കുടിച്ചാല്‍ ദഹനക്കേട്‌ മാറും.
2. നന്ത്യാര്‍ വട്ടത്തിന്റെ ഇലയും പൂവും ചതച്ച്‌ നീരെടുത്ത്‌ മുലപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ കണ്ണില്‍ ഒഴിക്കുക.കണ്ണുദീനം മാറും.
3. ഏത്തപ്പഴത്തിന്റെ തൊലി മുഖത്ത്‌ തേച്ച്‌ 15 മിനിറ്റിന്‌ ശേഷം കഴുകിയാല്‍ മുഖത്തിന്‌ നല്ല തെളിച്ചം ലഭിക്കും.
4. ചെറുതേന്‍ പുരട്ടിയാല്‍ തീ പൊള്ളിയതിന്‌ ചെറിയ ആശ്വാസം കിട്ടും.
5. ചെറുപയര്‍പൊടി ഉപയോഗിച്ച്‌ കുളിക്കുന്നത്‌ ശരീരകാന്തി കൂട്ടും.
6. ദിവസവും വെള്ളരിക്ക നീര്‌ പുരട്ടി ഒരു മണിക്കൂറിന്‌ ശേഷം കഴുകിക്കളയുന്നത്‌ കണ്ണിന്‌ ചുറ്റുമുള്ള കറുപ്പ്‌ നിറം മാറാന്‍ സഹായിക്കും.
7. ഉരുളക്കിഴങ്ങ്‌ അരിഞ്ഞ്‌ മുഖത്ത്‌ തേച്ചാല്‍ മുഖത്തെ കുരുക്കളും പാടുകളും മാറും.
8. തുളസിയില ചതച്ച്‌ തലയില്‍ തേച്ചു പിടിപ്പിച്ചാല്‍ പേന്‍ശല്യം ഇല്ലാതാകും.
9. ഉള്ളിചതച്ചതും തേങ്ങയും ചേര്‍ത്ത്‌ കഞ്ഞി കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും.
10. പഞ്ചസാര പൊടിച്ചത്‌, ജീരകപ്പൊടി, ചുക്ക്‌പൊടി എന്നിവ സമം ചേര്‍ത്ത്‌ തേനില്‍ ചാലിച്ച്‌ കഴിച്ചാല്‍ ചുമ മാറിക്കിട്ടും.
11. മഞ്ഞളും ചെറുപയറുപൊടിയും തേനും ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടിയാല്‍ മുഖകാന്തി വര്‍ധിക്കും.
12. ജീരകം വറുത്ത്‌ പൊടിച്ച്‌ തേനില്‍ ചാലിച്ച്‌ കഴിച്ചാല്‍ ഒച്ചയടപ്പ്‌ മാറിക്കിട്ടും.
13. കടുകിട്ട്‌ തിളപ്പിച്ച വെള്ളം ഊറ്റിയെടുത്ത്‌ കുടിച്ചാല്‍ വയറ്റിലെ അസ്വാസ്‌ഥ്യം മാറും.
14. പേരയിലയും മഞ്ഞളും സമം ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടിയാല്‍ മുഖക്കുരു മാറും.
15. അല്‌പം ചെറുതേന്‍ ദിവസവും കുടിച്ചാല്‍ അമിതവണ്ണം കുറയും.
16. വെളുത്തുള്ളി ചതച്ച്‌ വേദനയുള്ള പല്ല്‌ കൊണ്ട്‌ കടിച്ചു പിടിച്ചാല്‍ പല്ലുവേദനയ്‌ക്ക് ശമനം കിട്ടും.
17. വേപ്പണ്ണ തലയില്‍ തേച്ച്‌ കുളിച്ചാല്‍ തുമ്മലിന്‌ ആശ്വാസം കിട്ടും.
18. പാല്‍പ്പാടയില്‍ കസ്‌തൂരി മഞ്ഞള്‍ ചാലിച്ച്‌ മുഖത്ത്‌ പുരട്ടിയാല്‍ സ്‌ത്രീകളുടെ മുഖത്തുള്ള രോമവളര്‍ച്ച കുറയ്‌ക്കാം.
19. ഉലുവ ഒരു ഗ്രാം വറുത്തുപൊടിച്ച്‌ ചൂടുവെള്ളത്തില്‍ കലക്കി ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ടു കുടിച്ചാല്‍ വയറു കടിക്ക്‌ ആശ്വാസം ലഭിക്കും.
20. തണ്ണിമത്തന്റെ നീര്‌ മുഖത്ത്‌ പുരട്ടിയാല്‍ മുഖത്തുള്ള എണ്ണമയം മാറിക്കിട്ടും.
21. തഴുതാമ വേരിട്ട വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ രക്‌തസമ്മര്‍ദ്ദം ഒരുപരിധി വരെ തടയാം.
22. കൃഷ്‌ണതുളസിയുടെ നീര്‌ തലയില്‍ പുരട്ടിയാല്‍ പേന്‍ ശല്ല്യം അകറ്റാം.
23. തക്കാളിനീരും പഞ്ചസാരയും മിക്‌സ് ചെയ്‌ത് മുഖത്ത്‌ പുരട്ടി 15 മിനിറ്റിന്‌ ശേഷം ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകിയാല്‍ കുരുക്കള്‍ മാറും.
24. ചെറുതേന്‍ കണ്ണിലെഴുതിയാല്‍ ചെങ്കണ്ണിന്‌ ആശ്വാസം കിട്ടും.
25. പഞ്ചസാരലായനി മുഖത്ത്‌ പുരട്ടി 10 മിനിറ്റിന്‌ ശേഷം കഴുകിയാല്‍ നിറം ലഭിക്കും.
26. കച്ചോല കിഴങ്ങ്‌ കരിക്കിന്‍ വെള്ളത്തില്‍ അരച്ച്‌ കഴിച്ചാല്‍ ചര്‍ദ്ദില്‍ മാറിക്കിട്ടും.
27. വേപ്പില അരച്ച്‌ പുരട്ടിയാല്‍ വൃണങ്ങള്‍ മാറും.
28. തുളസ്സി, ഉള്ളി, ഇഞ്ചി എന്നിവയുടെ നീര്‌ സമം ചേര്‍ത്ത്‌ ദിവസവും കഴിച്ചാല്‍ പനി വരുന്നത്‌ തടയാം.
29. തേനും റോസ്‌വാട്ടറും ചേര്‍ത്ത്‌ ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക്‌ നല്ല നിറം ലഭിക്കും.
30. പ്രസവശേഷം മൂന്നാം മാസം മുതല്‍ പച്ചമഞ്ഞള്‍ അരച്ച്‌ വെളിച്ചെണ്ണയില്‍ ചാലിച്ച്‌ വയറ്റില്‍ പുരട്ടി കുളിച്ചാല്‍ അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കും.
31. വയമ്പ്‌ വെള്ളത്തില്‍ തൊട്ട്‌ അരച്ച്‌ കൊടുത്താല്‍ കുട്ടികളിലെ വിരശല്യം തടയാം.
32. കിഴുകാനെല്ലി പാലില്‍ അരച്ച്‌ പുരട്ടിയാല്‍ അരിമ്പാറ മാറും.
33. തൊട്ടാവാടി അരച്ച്‌ പുരട്ടിയാല്‍ സാധാരണ നീര്‌ മാറിക്കിട്ടും.
34. തൈരും മഞ്ഞളും സമം ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടി 20 മിനിറ്റിന്‌ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിയാല്‍ മുഖത്തിന്‌ നല്ല തെളിച്ചം ലഭിക്കും.
35.തുളസിയുടെ നീര്‌ നിത്യവും തേച്ചാല്‍ മുഖസൗന്ദര്യം കൂടും.
36. ചെറുപയര്‍ തരിയായിപ്പൊടിച്ച്‌ ആഴ്‌ചയില്‍ രണ്ട്‌ തവണ മുഖം കഴുകിയാല്‍ മുഖത്തെ കുരുക്കള്‍ മാറാന്‍ സഹായകമാകും.
37. ഗന്ധകവും വയമ്പും തൈരില്‍ അരച്ചെടുത്ത്‌ പുരട്ടുന്നത്‌ ചുണങ്ങ്‌ മാറാന്‍ സഹായിക്കും.
38. ഉമിക്കരിയും ഉപ്പും കുരുമുളക്‌ പൊടിയും ചേര്‍ത്ത്‌ പല്ലുതേച്ചാല്‍ വായ്‌നാറ്റം മാറിക്കിട്ടും.
39. തക്കാളി, ഉരുളക്കിഴങ്ങ്‌, വെള്ളരിക്ക എന്നിവ മുഖത്ത്‌ മസാജ്‌ ചെയ്‌താല്‍ മുഖത്തെ പാടുകള്‍ മാറും.
40. ഒരു സ്‌പൂണ്‍ കടുകും ഒരല്ലി വെളുത്തുള്ളിയും അരച്ച്‌ ഉപ്പുനീരില്‍ ചാലിച്ച്‌ പുരട്ടിയാല്‍ തലവേദനയ്‌ക്ക് ആശ്വാസം കിട്ടും.
41. ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന്‌ ശേഷം കഴിച്ചാല്‍ കഫകെട്ട്‌ മാറും.
42. തൈരും മുട്ടയുടെ വെള്ളയും ചേര്‍ത്ത്‌ തലയില്‍ പുരട്ടി ചെറുചൂടുവെള്ളത്തില്‍ കഴുകിയാല്‍ മുടിക്ക്‌ കരുത്ത്‌ ലഭിക്കും.
43. ആഴ്‌ചയില്‍ ഒരിക്കല്‍ ഉലുവ അരച്ച്‌ തലയില്‍ പുരട്ടിയാല്‍ താരന്‍ അകറ്റാം.
44. കടലമാവും പാലും ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടിയാല്‍ മുഖകാന്തി വര്‍ദ്ധിക്കും.
45. ആര്യവേപ്പിലയും മഞ്ഞളും തേച്ച്‌കുളിച്ചാല്‍ ദുര്‍ഗന്ധം ഉണ്ടാകില്ല.
46. തുളസിയില കഷായം കുടിക്കുന്നത്‌ ജലദോഷം മാറാന്‍ സഹായിക്കും.
47. മുരിങ്ങക്കായ, മുരിങ്ങയില ഇവയൊക്കെ ധാരാളം പാകം ചെയ്‌ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും.
48. വെളിച്ചെണ്ണ, കോഴിമുട്ടയുടെ വെള്ള എന്നിവ തമ്മില്‍ കലര്‍ത്തി തീപൊള്ളിയ ഭാഗത്ത്‌ പുരട്ടുന്നത്‌ നല്ലതാണ്‌.
49. തേയിലയിട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുന്നത്‌ തൊണ്ടവേദന കുറയാന്‍ സഹായിക്കും.
50. രണ്ടു ഗ്രാം ചുക്ക്‌ പൊടിച്ച്‌ അര ഗ്ലാസ്‌ ചൂടുവെള്ളത്തില്‍ കലക്കി ദിവസവും രണ്ടു നേരം കുടിച്ചാല്‍ ദഹനക്കുറവു മൂലമുള്ള വയറിന്റെ പ്രശ്‌നങ്ങള്‍ മാറിക്കിട്ടും.
51. രണ്ടു പാത്രത്തിലായി ചൂടുവെള്ളവും തണുത്തവെള്ളവും എടുക്കുക. ഓരോന്നിലും കാലുകള്‍ മാറിമാറി മുക്കിവയ്‌ക്കുക. ദിവസവും 20 മിനിറ്റ്‌ ഇത്‌ ചെയ്‌താല്‍ വേദനയ്‌ക്ക് ആശ്വാസം കിട്ടും.
52. താമരയിതള്‍ പനിനീരില്‍ അരച്ച്‌ പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകികളയുക. കുഴിനഖം മാറും.
53. ശതാവരിക്കിഴങ്ങിന്റെ നീര്‌ കുടിച്ചാല്‍ മൂത്രതടസ്സം മാറിക്കിട്ടും.
54. നാല്‍പാമരത്തോല്‌ അരച്ചു പുരട്ടിയാല്‍ ചെന്നിക്കുത്ത്‌ മാറും.
55. കല്‍ക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ചു പൊടിച്ചു ഇടവിട്ടു കഴിച്ചാല്‍ തൊണ്ടവേദന മാറും.
56. പച്ചപപ്പായ തിന്നാല്‍ കൃമിശല്യം മാറും.
57. ദിവസവും ചുരുങ്ങിയത്‌ എട്ട്‌ ഗ്ലാസ്‌ വെള്ളം കുടിച്ചാല്‍ ശരീരോന്മേഷം കിട്ടും.
58. ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത്‌ അരച്ച്‌ പുരട്ടിയാല്‍ ചുണങ്ങ്‌ മാറും.
59. ഇരട്ടിമധുരം പാലില്‍ അരച്ചു പഞ്ചസാര ചേര്‍ത്ത്‌ കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും.
60. രാമച്ചം വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ ചന്ദനവും ചേര്‍ത്ത്‌ അരച്ചു കലക്കുക. തണുത്തു കഴിയുമ്പോള്‍ ആ വെള്ളത്തില്‍ കുളിക്കുക. അമിതവിയര്‍പ്പു കാരണമുള്ള ദുര്‍ഗന്ധം മാറും.
61. തലമുടി പിളരുന്നത്‌ തടയാന്‍ നാരങ്ങാനീര്‌ പുരട്ടുന്നത്‌ നല്ലതാണ്‌. പക്ഷേ തലയോട്ടിയില്‍ അധികനേരം പുരട്ടി വച്ചാല്‍ മുടി നരയ്‌ക്കാനുള്ള സാധ്യതയുണ്ട്‌.
62. കല്‍ക്കണ്ടം പൊടിച്ച്‌ തൈരില്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ ചുട്ടുനീറ്റല്‍ മാറിക്കിട്ടും.
63. തുളസിയില,വെറ്റില, തെച്ചിപ്പൂവ്‌ ഇവ ചതച്ചിട്ട്‌ എണ്ണകാച്ചി തലയില്‍ പുരട്ടിയാല്‍ താരന്‍ മാറും.
64. പഴുതാരയുടെ കടിയേറ്റാല്‍ ആ ഭാഗത്ത്‌ അമല്‍പ്പൊരിവേര്‌ പാലുകൂട്ടി അരച്ച്‌ ഭാഗത്ത്‌ പുരട്ടുന്നത്‌ നല്ലതാണ്‌.
65. ഉഴിഞ്ഞ ചതച്ചിട്ട്‌ വെള്ളം തിളപ്പിച്ച്‌ മുടി കഴുകുന്നത്‌ തലമുടി പിളരുന്നത്‌ തടയാന്‍ സഹായിക്കും.
66. ഗ്രീന്‍ ടീ ഫ്രീസറില്‍ വച്ച്‌ തണുപ്പിച്ച്‌ ഐസ്‌ ക്യൂബുകളാക്കുക. അത്‌ മുഖക്കുരു ഉള്ള ഭാഗത്ത്‌ പതുക്കെ ഉരസ്സുക. മുഖക്കുരു മാറിക്കിട്ടും.
67. കാല്‍ കപ്പ്‌ വിനാഗിരിയും തേനും സമം ചേര്‍ത്ത്‌ ഒരു ടേബിസ്‌പൂണ്‍ വീതം ആറു നേരമായി ഒരു ദിവസം കഴിക്കുക. തൊണ്ടയടപ്പ്‌ മാറും.
68. തീപൊള്ളലേറ്റാല്‍ ആ ഭാഗത്ത്‌ അല്‍പ്പം ടൂത്ത്‌പേസ്‌റ്റ് തേക്കുക. പൊള്ളി വീര്‍ക്കുന്നത്‌ തടയാം.
69. ചിക്കന്‍ പോക്‌സ് കാരണം ശരീരത്തിലുണ്ടാകുന്ന പാടുകള്‍ ഇല്ലാതാക്കാന്‍ എല്ലാ ദിവസവും കിടക്കുന്നതിന്‌ മുമ്പ്‌ പാടുള്ള ഭാഗത്ത്‌ അല്‍പ്പം ചെറുതേന്‍ പുരട്ടുക. പാട്‌ ഇല്ലാതാകുമെന്ന്‌ മാത്രമല്ല, ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനില്‍ക്കുകയും ചെയ്യും.
70. ഒലിവെണ്ണ കാല്‍പ്പാദത്തിലും ഉപ്പൂറ്റിയിലും പുരട്ടിയാല്‍ ഉപ്പൂറ്റി വിണ്ടുകീറുന്നത്‌ തടയാം.
71. ചുക്കും മല്ലിയിലയുമിട്ട്‌ തിളപ്പിച്ച വെള്ളം കുടിച്ചാല്‍ പനി കുറയും.
72. കഫമിളക്കുവാന്‍ ഓരോ ടീസ്‌പൂണ്‍ നാരങ്ങാനീരും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്തു കഴിക്കാം.
73. തുമ്പയും മഞ്ഞളും അരച്ചു പുരട്ടിയാല്‍ ത്വക്ക്‌ രോഗങ്ങള്‍ മാറും.
74. ജീരകം,ഉലുവ,വെളുത്തുള്ളി എന്നിവ വറുത്ത്‌ അതിട്ട്‌ വെള്ളം തിളപ്പിച്ച്‌ ദിവസവും കുടിച്ചാല്‍ രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കാം.
75. ചെമ്പരത്തിപ്പൂവും മൈലാഞ്ചിയും ചേര്‍ത്ത്‌ എണ്ണകാച്ചി തലയില്‍ പുരട്ടിയാല്‍ മുടികൊഴിച്ചില്‍ മാറിക്കിട്ടും.
(നാട്ടറിവുകൾ)

Back to top button
error: