കണ്ണൂർ:ഒരേ സമയം മൂന്ന് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായ സംഭവം ആസൂത്രിതമെന്ന് റെയില്‍വേ. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂരിലും നീലേശ്വരത്തുമാണ് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ഞായറാഴ്ച രാത്രി ഏഴിനും ഏഴരയ്ക്കും ഇടയിലാണ് സംഭവം.
കണ്ണൂരില്‍ വച്ച് തിരുവനന്തപുരം-എല്‍ടിടി നേത്രാവതി എക്‌സ്പ്രസിന്‍റെ എസി കോച്ചിന് നേരെയും മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന്‍റെ എസി കോച്ചിന് നേരെയും ആക്രമണമുണ്ടായത്.ഇതേസമയത്ത് നിലേശ്വരത്തുവച്ച് ഓഖ- എറണാകുളം എക്‌സ്പ്രസിന്‍റെ ജനറല്‍ കോച്ചിന് നേരെയും ആക്രമണമുണ്ടായി.
രാത്രി 7.11 നും 7.16 നും ഇടയിലാണ് മൂന്നു സംഭവങ്ങളും.കല്ലേറില്‍ മൂന്നു ട്രെയിനുകളുടെയും ജനല്‍ ചില്ലുകള്‍ പൊട്ടിയിട്ടുണ്ട്. സംഭവത്തില്‍ നാല് പേരെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ മദ്യലഹരിയില്‍ കല്ലെറിഞ്ഞതാകാമെന്നായിരുന്നു നിഗമനം. എന്നാല്‍ ഇവര്‍ക്ക് ആക്രമണത്തില്‍ പങ്കില്ലെന്ന് കണ്ടെത്തി പിന്നീട് വിട്ടയച്ചു.