
കോട്ടയം: വാകത്താനം പാണ്ടഞ്ചിറയില്‍ കാര്‍ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു ഗുരുതരമായി പരുക്കേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റര്‍ അകലെ വച്ചാണു സംഭവം. ചങ്ങനാശേരിയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു സാബുവിനെ പുറത്തെടുത്തത്. ഇദ്ദേഹം കാറില്‍ തനിച്ചായിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണു സാബു.
അതിനിടെ, മാവേലിക്കര കണ്ടിയൂരില്‍ കഴിഞ്ഞ ദിവസം കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് (കണ്ണന് -35) ആണ് മരിച്ചത്. കാര്‍ വീട്ടിലേക്ക് കയറ്റുമ്പോഴാണ് തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിച്ചുവന്ന കണ്ടിയൂര്‍ പുളിമൂട് പാലത്തിനു സമീപമുള്ള വീട്ടിലേക്ക് കാറില്‍ വന്നുകയറുമ്പോഴായിരുന്നു അപകടം. കത്തിയ കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് തീ അണച്ചത്.






