കൊച്ചി:സംസ്ഥാനത്തെ ഏറ്റവും തിരക്കുള്ള റൂട്ടായ എറണാകുളം-ബംഗളൂരു റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസിന് ശുപാർശ.നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്ന 25 വന്ദേ ഭാരത് സര്‍വീസുകളില്‍ ഏറ്റവും തിരക്കുള്ള സര്‍വീസ് കേരളത്തിലേതാണ്.ഈ സാഹചര്യത്തിലാണ് കേരളത്തില്‍ കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ നീക്കം.
കൊച്ചി – ബെംഗളൂരു സര്‍വീസ് വന്നാല്‍ അത് ഐടി നഗരത്തിലേക്കുള്ള മലയാളികളുടെ യാത്രാ ബുദ്ധിമുട്ടിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.ബെംഗളൂരു – കൊച്ചി റൂട്ടില്‍ നിലവില്‍ 11 മണിക്കൂറോളമാണ് വിവിധ ട്രെയിനുകള്‍ സര്‍വീസിനെടുക്കുന്ന സമയം. വന്ദേ ഭാരത് എത്തിയാല്‍ വേഗത്തില്‍ കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും എത്താനാകുമെന്നത് യാത്രക്കാര്‍ക്കും ഗുണകരമാവും.
നടപ്പ് സാമ്ബത്തിക വര്‍ഷം 50 വന്ദേ ഭാരത് എക്സ്പ്രസുകള്‍ കൂടി ട്രാക്കിലിറങ്ങുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 75 ട്രെയിനുകള്‍ വഴി 150 സര്‍വീസുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഇതില്‍ ബെംഗളൂരു – കൊച്ചി സര്‍വീസ് ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍.