ആദിത്യയുടെ ദുരൂഹ മരണത്തില്‍ മുഹമ്മദ് അമലിനെ നേരത്തെ ചോദ്യം ചെയ്തശേഷം വിട്ടയയ്‌ക്കുകയായിരുന്നു.ആദിത്യയുടെ മറ്റൊരു സുഹൃത്ത് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖകൾ പുറത്തുവന്നതോടെയാണ് ഇപ്പോൾ വീണ്ടും ഇയാളെ കസ്റ്റഡിയിലെടുത്തത്. മരണശേഷം ആദിത്യയുടെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്തത് മുഹമ്മദ് അമലാണ്. ഇയാൾ ലഹരിമരുന്ന് മാഫിയയുടെ ആളാണെന്നും ആദിത്യയെയും ലഹരി മാഫിയയുടെ ഭാഗമാക്കാൻ പദ്ധതിയിട്ടിരുന്നെന്നും സുഹൃത്ത് പറയുന്നു.
ജൂലൈ 13-നാണ് കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായ ആദിത്യ ചന്ദ്ര (22) നെ കോഴിക്കോട് മേത്തോട്ട് വാടക മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയായ മുഹമ്മദ് അമല്‍ വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഒന്നര വര്‍ഷത്തോളമായി അമല്‍ മുഹമ്മദും ആദിത്യ ചന്ദ്രയും പലയിടങ്ങളിലായി വാടകയ്‌ക്ക് താമസിച്ച് വരികയായിരുന്നു. എന്നാല്‍ അമലിന്റെ ലഹരി ഉപയോഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളായിരുന്നു. തുടര്‍ന്ന് ആദിത്യ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരിക്കവെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.