തിരുവനന്തപുരം: വിഐപികളെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള റോഡ് കാമറകളിലെ പിഴയില്‍നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. എംപി, എംഎല്‍എ വാഹനങ്ങളടക്കം 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതായി മരി അറിയിച്ചു.
എംപിമാരും എംഎല്‍എമാരും അടക്കമുള്ള വിഐപികളും കാമറയില്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം മോട്ടോര്‍ വാഹനവകുപ്പ് ചെലാന്‍ അയച്ചെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാരുടെ വാഹനങ്ങള്‍ 19 തവണയും എംപിമാരുടെ വാഹനങ്ങള്‍ 10 തവണയും കാമറയില്‍ കുടുങ്ങി. ഒരു എംപി ആറു തവണയും ഒരു എംഎല്‍എ ഏഴു വട്ടവും നിയമലംഘനം നടത്തി. 19 എം എൽ എമാരുടെ വാഹനങ്ങൾക്കും പിഴ ചുമത്തിയതായും മന്ത്രി അറിയിച്ചു.
എന്നാല്‍ ഇവര്‍ ആരൊക്കെയാണ് എന്ന് പേര് വെളിപ്പെടുത്താന്‍ മന്ത്രി തയാറായില്ല. കാസര്‍കോട് ഭാഗത്തുവച്ചാണ് കൂടുതല്‍ നിയമലംഘനങ്ങളും നടന്നിരിക്കുന്നത്. നിലവിലുള്ള പിഴ പൂർണ്ണമായി അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി ലഭിക്കുള്ളു. ഇത് സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തും. 1994 മുതൽ രജിസ്ട്രേഷനുള്ള വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കും എ ഐ ക്യാമറ ബാധകമാണെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം, വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി മന്ത്രി ആന്റണി രാജു. 2022 ജൂലൈയിൽ റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3992 ആയിരുന്നു. എന്നാൽ 2023 ജൂലൈയിൽ ഇത് 3316 ആയി കുറഞ്ഞു. ജൂൺ 5 മുതൽ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനങ്ങൾ കണ്ടെത്തി. 15,83,367 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു. 3,82,580 നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ നൽകി. 25,81,00,000 രൂപ ഇ- ചലാൻ വഴി ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.