അഹ്മദാബാദ്: 10ാം ക്ലാസ് പരീക്ഷയില്‍ ഒരാള്‍ പോലും ജയിക്കാത്ത സ്കൂളുകളുടെ എണ്ണത്തില്‍ രാജ്യത്തിന് നാണക്കേടായി മാറിയ ഗുജറാത്തില്‍, ഇത്തവണ സപ്ലിമെന്ററി പരീക്ഷയിലും കൂട്ടത്തോല്‍വി.
പരീക്ഷയെഴുതിയ 1.53 ലക്ഷം വിദ്യാര്‍ഥികളില്‍ 1.12 ലക്ഷം പേരും പരാജയപ്പെട്ടു. വിജയശതമാനം 26.65 മാത്രം.
ആകെ 1,80,158 വിദ്യാര്‍ഥികളായിരുന്നു പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, 26,764 പേര് പരീക്ഷയെഴുതാൻ എത്തിയില്ല. രജിസ്റ്റര്‍ ചെയ്ത 100,425 ആണ്‍കുട്ടികളില്‍ 22,620 പേര് വിജയിച്ചു. വിജയശതമാനം 25.09%. 79,733 വിദ്യാര്‍ത്ഥിനികളില്‍ 18,260 പേരാണ് വിജയിച്ചത്. 28.88 ആണ് വിജയശതമാനം.
ഈ വര്‍ഷത്തെ 10ാം ക്ലാസ് പരീക്ഷയില്‍ ഗുജറാത്തിലെ 157 സ്കൂളുകളില്‍ പരീക്ഷയെഴുതിയ ഒരുകുട്ടി പോലും ജയിച്ചിരുന്നില്ല. 1084 സ്കൂളുകളിലാകട്ടെ, 30 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു വിജയശതമാനം. 2022ല്‍ നടന്ന പരീക്ഷയില്‍ 121 സ്കൂളുകളായിരുന്നു ‘വട്ടപ്പൂജ്യം’ നേടിയത്. ഇക്കുറി 36 സ്കൂളുകള്‍ കൂടി സംപൂജ്യരുടെ പട്ടികയില്‍ ഇടംപിടിച്ചു.