KeralaNEWS

മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുന്നു, അവരുടെ കൈയിലാണ് ആഭ്യന്തര വകുപ്പ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

ദില്ലി: മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനാ അതീതമായ ശക്തികൾ പ്രവർത്തിച്ച് സാമ്പത്തിക ക്രയവിക്രയങ്ങളിൽ ഇടപെടുന്നെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐ ജി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻറെ സത്യവാങ്മൂലമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സർക്കാരിൻറെ കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന് നേതൃത്വം നൽകിയത്. ആ ഉപജാപക സംഘത്തിൻറെ നേതാവ് ഇപ്പോൾ ജയിലിലാണ്. ഇപ്പോൾ ആള് മാറിയെന്നേയുള്ളൂ. ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിൻറെ കയ്യിലാണ്. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയ താൽപര്യമുള്ള കേസുകളിൽ അനിയന്ത്രിതമായാണ് ഈ സംഘം ഇടപെടുന്നത്. രാഷ്ട്രീയ എതിരാളികൾക്കെതിരായ കേസുകളിൽ ഈ സംഘം ഇടപെടുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ്. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഇടപെടലുകളും ഈ സംഘം നടത്തുന്നുണ്ട്.

Signature-ad

ആലപ്പുഴയിലും തൃശൂരിലും അറിയപ്പെടുന്ന സി.പി.എം നേതാക്കൾ അപമാനിച്ചെന്ന് സ്ത്രീകൾ പരാതി നൽകിയിട്ടും പാർട്ടി തന്നെ അത് പരിഹരിക്കുകയാണ്. പരാതി ലഭിച്ചാൽ മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും അത് പൊലീസിന് കൈമാറണം. എന്നാൽ അതിന് തയാറാകാതെ രഹസ്യമായി ഒതുക്കിത്തീർക്കുകയാണ്. സിപിഎമ്മിൽ സ്ത്രീകൾ പോലും അധിക്ഷേപിക്കപ്പെടുകയാണ്. സിപിഎമ്മിൻറെ കേസുകൾ പാർട്ടി കമ്മീഷൻ തീർത്താൽ മതിയോ? ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന സംഭവങ്ങൾ മറ്റൊരു രൂപത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും നടക്കുകയാണ്. ഉദ്യോഗസ്ഥരെ സർക്കാർ ഭീഷണിപ്പെടുത്തുകയാണ്. കേരളത്തിൽ ഒരുകാലത്തും നടക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് പൊലീസിലുണ്ടാകുന്നത്. പരിതാപകരമായ നിലയിൽ കേരള പൊലീസ് എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: