സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽപ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 5 ലക്ഷം രൂപ പിഴയും വിധിച്ചു. ഒന്നാംപ്രതി ഫാദര്‍ കോട്ടൂരിന് അതിക്രമിച്ച് കടക്കുക എന്നതില്‍ 1 ലക്ഷം രൂപ കൂടുതല്‍ ഒടുക്കണമെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൊലക്കുറ്റം തെളിഞ്ഞെന്നും ഫാദര്‍ തോമസ് കോട്ടൂര്‍ മഠത്തില്‍ അതിക്രമിച്ച് കയറി കുറ്റകൃത്യം ചെയ്തുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഫാദര്‍ തോമസ് കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും പ്രായാധിക്യവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നുമായിരുന്നു പ്രതിഭാഗം പ്രോസിക്യൂഷന്റെ വാദം.
മൂന്നാം പ്രതിയായ സിസ്റ്റർ സെഫിക്ക് വ്യക്ക, പ്രമേഹരോഗങ്ങളുണ്ടെന്നും അവരുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ത്രോംബോസിസ് എന്ന അസുഖമുണ്ട്. ഇതുകാരണം എല്ലുകൾക്ക് ബലക്ഷയം ഉണ്ട്. കുറഞ്ഞ ശിക്ഷ നൽകണം രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണ്. അതിനാൽ ശിക്ഷയിൽ ഇളവു വേണമെന്നും സെഫി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ആസൂത്രിത കൊലപാതകം ആണോയെന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഇരുഭാഗങ്ങളുടെയും വാദം നടക്കുമ്പോൾ കണ്ണടച്ച് പ്രാർഥനയിലായിരുന്നു സിസ്റ്റര്‍ സെഫി. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ വിധി പ്രസ്താവം കേൾക്കുന്നതിന് കോടതിയിൽ എത്തിയിരുന്നു.
കൊലക്കുറ്റം തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് രണ്ടു പ്രതികൾക്കുമെതിരെ തെളിഞ്ഞിരിക്കുന്നത്. പ്രതികൾ തമ്മിലുള്ള ശാരീരിക ബന്ധം സിസ്റ്റർ അഭയ നേരിട്ട് കണ്ടതിനെ തുടർന്നാണ് കൊലപാതകം എന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇരുവരും ചേർന്ന് അഭയയെ തലക്കടിച്ച് കൊന്നു കിണറ്റിലിട്ടു എന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
28 വർഷം നീണ്ട നടപടികൾക്കു ഒടുവില്‍ ഇന്നലെ പ്രതികൾ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി കെ. സനിൽകുമാർ കണ്ടെത്തിയിരുന്നു.
അടക്കാ രാജു എന്ന ദൃക്സാക്ഷിയാണ് കേസിലെ വഴിത്തിരിവ്. കോൺവെന്റിൽ മോഷണത്തിന് എത്തിയതായിരുന്നു അടക്ക രാജു. തനിക്ക് അനുകൂലമായ പ്രചാരണം നടത്താൻ ഫാദർ കോട്ടൂർ സമീപിച്ച പൊതുപ്രവർത്തകൻ കളർകോട് വേണുഗോപാലിന്റെ മൊഴിയും നിർണായകമായി.
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസില്‍ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികള്‍. സിബിഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലാം പ്രതി മുന്‍ എഎസ്‌ഐ വി.വി.അഗസ്റ്റിനെയും കുറ്റപത്രത്തില്‍നിന്നു സിബിഐ ഒഴിവാക്കി.
1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വര്‍ഷത്തിനു ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2019 ഓഗസ്റ്റ് 26 ന് സിബിഐ കോടതിയില്‍ ആരംഭിച്ച വിചാരണ ഈ മാസം 10നു പൂര്‍ത്തിയായി. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. 8 പേര്‍ കൂറുമാറി. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെപ്പോലും വിസ്തരിച്ചില്ല. കേസില്‍ കോടതി ഇന്നു നിര്‍ണായക വിധി പറയുമ്പോള്‍, മകളുടെ നീതിക്കായി ആഗ്രഹിച്ച അഭയയുടെ മാതാപിതാക്കള്‍ അതു കേള്‍ക്കാന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അതേസമയം, സഹോദരന്‍ വിധിയില്‍ പ്രതികരിച്ചു. ദൈവത്തിനും കോടതിക്കും നന്ദിയെന്ന് അഭയയുടെ സഹോദരന്‍ പറഞ്ഞു.