കമ്മട്ടിപ്പാടങ്ങളിൽ തൂറാനൊരിടം പോലുമില്ലാതിരുന്ന മനുഷ്യരിൽ ഒരാൾ.
അയാളാണ് ഇന്ത്യയുടെ നിലനില്പിന് ഏറ്റവും വലിയ ഭീഷണി!
മുത്തങ്ങയിൽ ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും സുധാകരന്റെയും ഭരണകൂടം വെടിവച്ചു കൊന്ന ജോഗിയെപ്പോലെ തൂറാനും പെടുക്കാനും കിടക്കാനും ഇടമില്ലാതെ പോയ വർഗ്ഗത്തിന്റെ പ്രതിനിധികൾ നിങ്ങൾക്കു യോജിക്കാൻ കഴിയാത്ത പല ചോദ്യങ്ങളും ചോദിച്ചെന്നിരിക്കും.
അതിന്റെ ധാർമ്മികത പരിശോധിക്കുമ്പോൾ ഒരു വശത്തു നിന്നു മാത്രം നോക്കിക്കാണുന്നത് നീതിയല്ല. നിങ്ങൾക്കു ധാർമ്മികമായി ശരിയല്ലെന്നു തോന്നുന്നതെല്ലാം ലോകത്തിനു മുഴുവനും അങ്ങനെ തന്നെയായിക്കൊള്ളണം എന്നു വാശി പിടിക്കരുത്.
നിങ്ങൾ കാണുന്നതു നിങ്ങളുടെ ചുറ്റുമുള്ള ലോകം മാത്രമാണ്. ആ ലോകത്തിന്റെ ധാർമ്മികത വച്ച് നിങ്ങളുടെ കാലിനും മണ്ണിനുമടിയിലെ ലോകത്തെ അളക്കരുത്.
ക്ഷത്രിയൻ ചാകുമ്പോൾ നാടുനീങ്ങിയെന്നും തീപ്പെട്ടെന്നും ഇന്നും വെണ്ടയ്ക്കാ വലിപ്പത്തിൽ അച്ചടിക്കുന്നവരുടെ ആ ധാർമ്മികതയല്ലേ നിങ്ങളുടെ അളവുകോൽ?
കാണാൻ വന്നതു തൊഴിലുറപ്പുകാരല്ല, കോടീശ്വരന്മാരും പ്ലാന്റർമാരും അവരുടെ ഭാര്യമാരായ ആഢ്യവനിതകളുമാണ് എന്നഭിമാനിക്കുന്ന കള്ളസ്വാമിമാരുടെ മഹത്തായ മാനകം!
അതിനപ്പുറമൊരു ലോകമുണ്ട്. കാലിനും മണ്ണിനുമടിയിലെ, തൂറാനിടമില്ലാതിരുന്നവരുടെ ലോകം.
തൂറലെന്നും തീട്ടമെന്നും കേൾക്കുമ്പോൾ നെറ്റി ചുളിയുന്നുണ്ടല്ലേ? അശ്ലീലം!
വിരേചനമെന്നും വിസർജ്യമെന്നും എഴുതുന്നതാണല്ലോ ആഢ്യത്വം!
പാരമ്പര്യവും ആഢ്യത്വവും തൂറാനിടവും ഒന്നുമില്ലാത്തവൻ ചത്താൽ ഇന്നും ശവം തന്നെയാണു സർ.
എന്തെങ്കിലുമുള്ളവൻ മരിച്ചാൽ മൃതദേഹം.
എല്ലാമുള്ളവൻ നാടുനീങ്ങിയാൽ ഭൗതികശരീരമാകുന്നു.
ചത്താൽ ശവമാകുന്ന മനുഷ്യരും ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്ന ശവങ്ങളുമുണ്ട്.
ജീവിച്ചിരിക്കുന്ന ശവങ്ങൾ അനിൽ നമ്പ്യാരെപ്പോലെ ഷേവ് മണിപ്പൂർ എന്ന് പൊതു ഇടത്തിൽ വായിൽ നിന്നും തൂറിയിട്ട് അശ്ലീലച്ചിരി ചിരിക്കും.
ചത്തതിനൊക്കുമേ ജീവിക്കുന്ന ശവങ്ങൾ കൃഷ്ണരാജിനെപ്പോലെ ചെരുപ്പുകുത്തികളെ അവഹേളിച്ചും മണിപ്പൂരിൽ പൂശുന്നതിനെക്കുറിച്ചും സ്വന്തം മനസിലെയും ചിന്തയിലെയും തീട്ടത്തിൽ വിരൽ മുക്കി എഴുതിയിട്ട് ക്ഷാത്രവീര്യമെന്ന അശ്ലീലം പറയും.
ജീവിച്ചിരിക്കെ അഴുകി നാറിയ വേറെ ചില ശവങ്ങൾക്ക് മണിപ്പൂരിനെയും അനിൽ നമ്പ്യാർമാരെയും കൃഷ്ണരാജന്മാരെയും അവരുടെ അശ്ലീലങ്ങളും കാണാൻ കണ്ണുണ്ടാവില്ല, സംഘപരിവാർ മുതലാളിമാരുടെ ശമ്പളത്തിനായി മാത്രം ചത്തു ജീവിക്കുന്ന അത്തരം അങ്ങാടിപ്പാട്ടുകാരികളും ന്യൂസ് അവർ വെനങ്ങളും കമ്മട്ടിപ്പാടങ്ങളിലെ ധാർമ്മികതയെക്കുറിച്ചു മാത്രം ചർച്ച ചെയ്യും.
ആ അനിൽ നമ്പ്യാർമാരെയും കൃഷ്ണരാജന്മാരെയും അങ്ങാടിപ്പാട്ടുകാരെയും വെനങ്ങളെയും ജീവിച്ചിരിക്കുന്ന അഴുകിനാറിയ ശവങ്ങളായും അവരുടെ വായിൽ നിന്നുതിരുന്ന ധാർമ്മികതാ ചർച്ചകളെ അശ്ലീലമായും തീട്ടമായും മാത്രം കണക്കാക്കുക, അർഹിക്കുന്നതിലധികം പുച്ഛത്തോടെ അവഗണിക്കുക.
കുക്കികളുടെയും മെയ്തികളുടെയും നാഗന്മാരുടെയും ശിഖന്മാരുടെയും ഇസ്ലാമിന്റെയും സ്വന്തം നാടായ ഇന്ത്യയെക്കുറിച്ചു നമുക്കു സംസാരിക്കാം.
കശ്മീരിനെയും മുത്തങ്ങയെയും മണിപ്പൂരിനെയും കമ്മട്ടിപ്പാടങ്ങളെക്കുറിച്ചും പറയാം.
ജോഗിമാരെക്കുറിച്ച്…
ഉന്നാവോയിലെയും ഇംഫാലിലെയും പെൺകിടാങ്ങളെക്കുറിച്ച്…
മകന്റെ ഫീസ് നൽകാൻ കഴിവില്ലാതെ, മരിച്ചാൽ കിട്ടുന്ന നഷ്ടപരിഹാരത്തിനായി വണ്ടിക്കു മുമ്പിൽ ചാടി മരിച്ച പാപ്പാത്തിയെക്കുറിച്ച്…
സഞ്ജീവ് ഭട്ടുമാരെക്കുറിച്ച്…
മുഹമ്മദ് അക്ക്ലാഖ്, സ്റ്റാൻ സ്വാമി, ഗൗരി ലങ്കേഷ്, ധാബോൽക്കർ, കൽബുർഗി, പൻസാരെ മുതൽ പേരെക്കുറിച്ച്…
തൂറാനിടമില്ലാതെ ചത്തു പോയ എല്ലാ മനുഷ്യരെയും അവരുടെ സന്തതിപരമ്പരകളെയും കുറിച്ച്…
അച്ഛേ ദിൻ വാഗ്ദാനം ചെയ്ത ചതിയന്മാരെയും തെമ്മാടികളെയും കുറിച്ച്…
ഇന്ത്യയെ വാക്കിനാലും പ്രവൃത്തിയാലും ചുട്ടെരിക്കുന്ന സംഘപരിവാറിനെയും അവരുടെ ശമ്പളക്കാരായ അങ്ങാടിപ്പാട്ടുകാരെയും വിഷങ്ങളെയും കുറിച്ച്…
ഇന്ത്യയെക്കുറിച്ചു ചിന്തിക്കാനും ഇവിടുത്തെ വ്യവസ്ഥയെപ്പറ്റി ആകുലപ്പെടാനും കമ്മട്ടിപ്പാടത്തെ ജന്മങ്ങൾ അല്ലാതെ മറ്റാരും ഉണ്ടാവില്ല.
അവരില്ലാതാകും വരെ അവർ സംസാരിച്ചു കൊണ്ടേയിരിക്കും.
അതിന് നെറ്റിചുളിച്ചിട്ട് കാര്യമില്ല !