ഇന്ത്യയില്‍ നിങ്ങള്‍ ഒരു കാര്‍ ഓടിക്കാന്‍ പാടില്ലാത്തതിന്റെ കാരണങ്ങള്‍…. ഗതാഗത നിയമലംഘനം ആരോപിച്ച് വിദേശയിൽനിന്ന് 5000 രൂപ വാങ്ങി, രസീത് നൽകിയില്ല; പൊലീസുകാരന് സസ്‍പെന്‍ഷന്‍
ന്യൂഡൽഹി: ഗതാഗത നിയമലംഘനം ആരോപിച്ച് വിദേശ പൗരനിൽ നിന്ന് 5000 രൂപ വാങ്ങിയ പൊലീസുകാരന് സസ്‍പെൻഷൻ. രസീത് നൽകാതെ പണം വാങ്ങിയതിനാണ് നടപടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഞ്ചാരി തന്റെ യുട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി.
‘ഇന്ത്യയിൽ നിങ്ങൾ ഒരു കാർ ഓടിക്കാൻ പാടില്ലാത്തതിന്റെ കാരണങ്ങൾ’ എന്ന തലക്കെട്ടിയാണ് കൊറിയൻ സ്വദേശി വീഡിയോ പോസ്റ്റ് ചെയ്തത്. ഡൽഹി ട്രാഫിക് പൊലീസിലെ മഹേഷ് ചന്ദ് എന്ന ഉദ്യോഗസ്ഥനാണ് വീഡിയോ ക്ലിപ്പിലുള്ളത്. ഇയാൾ ഗതാഗത നിയമ ലംഘനത്തിന് 5000 രൂപ പിഴ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. കൊറിയൻ പൗരൻ ആദ്യം 500 രൂപ നൽകാൻ ശ്രമിക്കുന്നതും എന്നാൽ പൊലീസുകാരൻ നിർബന്ധിച്ചതിനെ തുടർന്ന് 5000 രൂപ തന്നെ നൽകുന്നതും വീഡിയോയിലുണ്ട്. പണം വാങ്ങി വിദേശിക്ക് കൈകൊടുത്ത് പോകുന്ന പൊലീസുകാരൻ പക്ഷേ രസീതൊന്നും നൽകിയതുമില്ല.
കാറിന്റെ ഡാഷ്ബോഡിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ഇയാൾ അപ്‍ലോഡ് ചെയ്തതിന് പിന്നാലെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത് പ്രചരിച്ചു. ജനങ്ങളിൽ നിന്നുള്ള വ്യാപക പ്രതിഷേധത്തിന് ഇത് കാരണമായി. പൊലീസുകാരനിൽ നിന്ന് ഇരട്ടി പണം വാങ്ങി വിദേശിക്ക് നൽകണമെന്നും രാജ്യത്തെ തന്നെ പൊലീസുകാരൻ അപമാനിച്ചുവെന്നുമൊക്കെ ആളുകൾ കമന്റ് ചെയ്തു.
വീഡിയോയിൽ കാണുന്ന പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് തങ്ങൾക്കുള്ളതെന്നും പൊലീസ് ട്വീറ്റ് ചെയ്തു. താൻ രസീത് നൽകാൻ തുടങ്ങുമ്പോഴേക്ക് വാഹനം വിട്ടുപോയിരുന്നു എന്നാണ് പൊലീസുകാരന്റെ വാദം. എന്നാൽ രസീത് നൽകാനുള്ള ഒരു ഉദ്ദേശവും പൊലീസുകാരന് ഇല്ലെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.