Fiction

കായബലത്തിൽ കരുത്തനായ ആനയെ തിരിച്ചറിവിന്റെ ബാലപാഠം പഠിപ്പിച്ചത് ഒരു കട്ടുറുമ്പ്

വെളിച്ചം

    ആ ആനയ്ക്ക് വല്ലാത്ത ധാര്‍ഷ്ട്യമായിരുന്നു. കാട്ടിലെ എല്ലാ ജീവികളേയും അത് ഉപദ്രവിക്കും. ആനയോടുള്ള പേടി കാരണം ആരും പ്രതികരിച്ചില്ല. ഒരു ദിവസം വെള്ളം കുടിക്കുന്നതിനിടയില്‍ ആന ഒരു ഉറുമ്പിന്‍കൂട് കണ്ടു. തുമ്പിക്കൈയ്യില്‍ വെള്ളമെടുത്തൊഴിച്ച് ആ കൂടു മുഴുവന്‍ ആന നശിപ്പിച്ചു. ഇതു കണ്ട ഒരു ഉറുമ്പ് രോഷാകുലനായെങ്കിലും ആന ആ ഉറുമ്പിനെയും ഭീഷണിപ്പെടുത്തി ഓടിച്ചു. അന്നു രാത്രി ആന ഉറങ്ങാന്‍ കിടന്നപ്പോള്‍ ആ ഉറുമ്പ് ആനയുടെ തുമ്പിക്കൈയ്യുടെ ഉള്ളില്‍ കയറി കടിക്കാന്‍ തുടങ്ങി. വേദനകൊണ്ട് നിലവിളിച്ച ആനയെ സഹായിക്കാന്‍ ആരും തയ്യാറായില്ല. ഉറുമ്പ് പറഞ്ഞു:

Signature-ad

“നീ പേടിപ്പിച്ച ഉറുമ്പാണ് ഞാന്‍. മറ്റുള്ളവരെ ഉപദ്രവിക്കുമ്പോള്‍ അവരുടെ അവസ്ഥ എന്താണെന്ന് നീ മനസ്സിലാക്കണം.”

നിവൃത്തികെട്ട് ക്ഷമ പറഞ്ഞ ആനയെ ഉറുമ്പ് പിന്നീട് കടിച്ചില്ല. അതിന് ശേഷം അന്യരെ ഉപദ്രവിക്കുന്ന ശീലം ആനയും നിര്‍ത്തി.

അഹം ബോധം ഒരിക്കലും അഹങ്കാരത്തിന് വഴിമാറരുത്. മറ്റാര്‍ക്കുമില്ലാത്ത കഴിവുകള്‍ എല്ലാവരിലുമുണ്ടാകും. മറ്റുള്ളവരെ കീഴടക്കിയാണ് കരുത്ത് തെളിയിക്കേണ്ടത് എന്ന അബദ്ധചിന്തയാണ് അധികാരകേന്ദ്രങ്ങളെ വിനാശകരമായ നിലയിലേയ്ക്കു നയിക്കുന്നത്. കായബലത്തിന് കാലാവധിയും അധികാരകേന്ദ്രത്തിന് അതിര്‍വരമ്പുകളുമുണ്ട്. അതിനപ്പുറത്തേക്ക് ആരും സമര്‍ത്ഥരല്ല. ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും തനിച്ചുള്ള ജീവിതം അസാധ്യമാണെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് സാമാന്യമര്യാദയുടെ ബാലപാഠങ്ങള്‍ നാം പഠിക്കുന്നത്.
നമുക്ക് അഹങ്കാരം ഒഴിവാക്കാം. ഓരോരുത്തരേയും അവരവരായിരിക്കുന്ന അവസ്ഥയില്‍ സഹജരെ ബഹുമാനിക്കാന്‍ ശീലിക്കാം.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രീകരണം: നിപു കുമാർ

Back to top button
error: