മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാതിക ശരീരവും വഹിച്ചു കൊണ്ടുള്ള ബസിന്‍റെ ഡ്രൈവർമാരായ ശ്യാമിനും അബുവിനും അവിസ്മരണിയ അനുഭവമായിരുന്നു ആ യാത്ര. ഉമ്മൻ ചാണ്ടിയെന്ന പ്രിയനേതാവിനോടുള്ള ജനങ്ങളുടെ സ്നേഹത്തിന്‍റെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ് ഡ്രൈവർമാരുടെ ഈ വാക്കുകൾ.
”പിന്നിട്ട 160 കിലോമീറ്റര്‍ ദൂരം ജനസഞ്ചയമായിരുന്നു. 300 മീറ്റര്‍ അകലേക്കു പോലും റോഡ് കാണാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ട് ദിവസം എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയാൻ പോലും കഴിഞ്ഞില്ല. അതാണ് സത്യം”
തിരുവനന്തപുരത്തുനിന്ന് പുതുപ്പള്ളിയിലെത്തിയ യാത്രയിലെ ഓരോ നിമിഷവും മറക്കാനാവില്ല ബസിന്റെ ഡ്രൈവർമാരായ ശ്യാമിനും അബുവിനും:
”ബുധനാഴ്ച രാവിലെ ഏഴ് മണിക്കെടുത്തതാ. ആളെന്ന് പറഞ്ഞാല്‍ ഭയങ്കര ജനം. വെഞ്ഞാറന്മൂട് കഴിഞ്ഞപ്പോള്‍ ജനസാന്ദ്രമായി. ശരിക്കും പറഞ്ഞാല്‍ റോഡും ടാറുമൊന്നും ഇന്നലെ ഉച്ചമുതല്‍ കണ്ടിട്ടില്ല. പോലീസുകാരും സേവാദള്‍ പ്രവര്‍ത്തകരും മുന്നില്‍ നടക്കുന്നു. അവര്‍ ഇങ്ങനെ വകഞ്ഞ് മാറ്റുന്നു. ഇതിലേ വാ അതിലേ പോ എന്ന് പറഞ്ഞു മുന്നോട്ടുനീങ്ങുന്നു. വളരെ റിസ്‌ക് പിടിച്ചൊരു ജോലിയായിരുന്നു. നാല് വശത്തും ആളുകള്‍ ഇങ്ങനെ കൂടിനില്‍ക്കുവല്ലേ. ഇതിനിടയില്‍ ചിലപ്പോള്‍ വാതില്‍ തുറക്കണം അടയ്ക്കണം…”
“റോഡ് കാണാന്‍ കഴിയാത്ത രീതിയില്‍ കടിലരമ്പിവരുന്നതുപോലെ. ഒരപകടവും കൂടാതെ കോട്ടയത്ത് എത്തിക്കാൻ സാധിച്ചു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, മഴ പെയ്തിട്ട് പോലും ജനം മാറിയിട്ടില്ല. ഇതുപോലൊരു ജനക്കൂട്ടം കണ്ടിട്ടില്ല. ഇടിച്ചുകയറാന്‍ നോക്കുന്നു. ഗ്ലാസ് പൊട്ടുമോ എന്ന പേടിയുമുണ്ടായിരുന്നു. നിയന്ത്രിക്കാന്‍ പറ്റാത്ത ജനമായിരുന്നു, ഒരു ഉത്സവപറമ്പിലും കണ്ടിട്ടില്ല ഒരു മരണവീട്ടിലും കണ്ടിട്ടില്ല…”
ഡ്രൈവര്‍മാര്‍ പറയുന്നു.