തിരുവവന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാകും അവാർഡുകൾ പ്രഖ്യാപിക്കുക. നേരത്തെ 19 ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് പുരസ്കാര പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു
അടുത്തൊരു സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം കൂടി അടുത്തിരിക്കെ ആരൊക്കെയാവും ഇത്തവണത്തെ വിജയികൾ എന്ന ചർച്ചകൾ സിനിമാ പ്രേമികൾക്കിടയിലും സജീവമാണ്. മികച്ച ചിത്രം, സംവിധായകൻ, എന്നിവയൊക്കെ ചർച്ചകളിൽ ഉണ്ടെങ്കിലും അത്തരം ചർച്ചകളിൽ ഏറ്റവുമധികം ഇടംപിടിക്കുന്നത് മികച്ച നടൻ ആരായിരിക്കുമെന്ന ചോദ്യമാണ്. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച ഒന്നിലധികം പേർ 2022 ൽ ഉണ്ടായിട്ടുണ്ട്.
ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആണ് ഇത്തവണത്തെ ജൂറി അധ്യക്ഷൻ. ഈ വർഷം ആകെ 154 ചിത്രങ്ങളാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. ഇതിൽ എട്ടെണ്ണം കുട്ടികളുടെ സിനിമകളാണ്. ജൂൺ 19 ന് ആരംഭിച്ച പ്രദർശനങ്ങളിൽ നിന്ന് രണ്ട് പ്രാഥമിക ജൂറികൾ ചേർന്ന് രണ്ടാം റൌണ്ടിലേക്ക് തെരഞ്ഞെടുത്തത് 42 ചിത്രങ്ങളാണ്. ഗൌതം ഘോഷ് അധ്യക്ഷനായ മുഖ്യ ജൂറി ഒരാഴ്ച മുൻപ് ഈ സിനിമകളുടെ കാഴ്ച തുടങ്ങി. ഈ 42 ചിത്രങ്ങളിൽ നിന്ന് മുഖ്യ ജൂറി അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുന്ന ഒരു പിടി സിനിമകളിൽ നിന്നായിരിക്കും ഇത്തവണത്തെ പ്രധാന പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക.