പാലാ: വേൾഡ് ക്വാളിറ്റി കോൺഗ്രസ് ആൻഡ് അവാർഡ്‌സിന്റെ ഹയസ്റ്റ് ക്വാളിറ്റി ഓറിയന്റേഷൻ സി.ഇ.ഒ.ക്കുള്ള പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റി സി.ഇ.ഒ. ജസ്റ്റിൻ തോമസിന് ലഭിച്ചു. മുംബൈ താജ് ലാൻഡ്സ് എൻഡിൽ നടന്ന വേൾഡ് ലീഡർഷിപ്പ് കോൺഗ്രസ് ആൻഡ് അവാർഡ്സിൽ വേൾഡ് സി.എസ്.ആർ. ഡേ ഫൗണ്ടർ ഡോ. ആർ.എൽ.ഭാട്ട്യയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച വീക്ഷണം, ഉപഭോക്താക്കളുടെ സംതൃപ്തി, സ്ഥാപനത്തിന്റെ ഭാവിയിലേക്കുള്ള വീക്ഷണം, വളർച്ച, ധാർമികത, സുസ്ഥിരതയ്ക്കുള്ള കഴിവ്, ഉപഭോക്കാക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തനം തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അവാർഡ്. രാജ്യത്തെ 7 പ്രമുഖ സ്ഥാപനങ്ങളുടെ ഉന്നത നിരയിൽ പ്രവർത്തിക്കുന്നവരായിരുന്നു അവാർഡ് ജൂറി അംഗങ്ങൾ. പ്രവർത്തനം തുടങ്ങി 3 വർഷത്തിനുള്ളിൽ മാർ സ്ലീവാ മെഡിസിറ്റിക്കു എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ നേടിയെടുക്കാനും സാധിച്ചിരുന്നു.
ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയ ശേഷം പ്രമുഖ മാധ്യമ സ്ഥാപനത്തിൽ 3 പതിറ്റാണ്ടു കാലം ഉന്നതശ്രേണിയിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് ജനറൽ അഡ്മിനിസ്ട്രേഷൻ, ക്വാളിറ്റി, ഫിനാൻസ് ആൻഡ് ബഡ്ജറ്ററി കൺട്രോൾ, ഹ്യൂമൻ റിസോഴ്സസ്, ഹെൽത്ത് കെയർ പ്രമോഷൻസ്, ഇൻഷുറൻസ് ആൻഡ് സി.എസ്.ആർ. പ്രൊജക്ട്സ് എന്നിവയിൽ ഉള്ള പ്രാവീണ്യം കൂടി പരിഗണിച്ചാണ് അവാർഡ്. 2018 മുതൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ ഗവേർണിങ് ബോർഡ് അംഗമായിരുന്ന ഇദ്ദേഹം 2022 ജൂണിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി ചുമതലയേറ്റു.
45-ൽ പരം സ്പെഷ്യാലിറ്റി ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും 200-ൽ പരം ഡോക്ടർമാരുമുള്ള മാർ സ്ലീവാ മെഡിസിറ്റിയിൽ ഉന്നത നിലവാരത്തിലുള്ള ആധുനിക ചികിത്സാ സേവനങ്ങൾ ലഭ്യമാണ്. അലോപ്പതിക്ക് പുറമെ ആയുർവേദം, ഹോമിയോപ്പതി, നാച്ചുറോപ്പതി എന്നിവ ഉൾപ്പെടുന്ന ചികിത്സാ വിഭാഗങ്ങളുമായി ഒരു സമ്പൂർണ ആരോഗ്യ കേന്ദ്രമായി ആണ് മാർ സ്ലീവാ മെഡിസിറ്റി പ്രവർത്തിക്കുന്നത്.