ഇടുക്കി: അടിമാലിയിൽ അയൽക്കൂട്ട തട്ടിപ്പ്. സഹൃദയ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി, സിഡിഎസ് ചെയർപേഴ്സൺ എന്നിവർക്കെതിരെ കേസെടുത്തു. ഒൻപത് പേരുടെ കള്ളയൊപ്പിട്ട് വായ്പ എടുത്തെന്നാണ് കുടുംബശ്രീ അംഗങ്ങളിലൊരാളായ മീരാമ്മ മജീദ് പരാതി നൽകിയത്. പതിനൊന്ന് അംഗങ്ങളാണ് സഹൃദയ അയൽക്കൂട്ടത്തിലുള്ളത്. ഇതിൽ ഒൻപത് പേരുടെ വ്യാജ ഒപ്പിട്ട് അടിമാലി ഗ്രാമപഞ്ചായത്ത് അംഗവും സഹൃദയ കുടുംബശ്രീ പ്രസിഡന്റുമായ രേഖാ രാധാകൃഷ്ണനും, സെക്രട്ടറി ഷൈമോളും സിഡിഎസ് ചെയർപേഴ്സൺ ജിഷാ സന്തോഷും ചേർന്ന് വനിത വികസന കോർപ്പറേഷനിൽ നിന്നും ഏഴ് ലക്ഷത്തി അൻപതിനായിരം രൂപ വായ്പയെടുത്തെന്നാണ് പരാതി.
അയൽക്കൂട്ടം അംഗമായ മീരാമ്മ മജീദാണ് പരാതി നൽകിയത്. പഞ്ചായത്തിൽ നിന്ന് കോഴികളും, മരത്തൈകളും വാങ്ങി നല്കാമെന്ന് പറഞ്ഞാണ് ആധാർ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് വാങ്ങിയതെന്നാണ് മീരാമ്മ പറയുന്നത്. പ്രതികൾ ആത്മഹത്യാഭീഷണി മുഴക്കിയതോടെ, ലോൺ എടുത്തത് തങ്ങളുടെ അറിവോടെയെന്ന് മറ്റു അംഗങ്ങളും എഴുതി ഒപ്പിട്ടുകൊടുത്തുവെന്നാണ് മീരാമ്മ പറയുന്നത്. മീരാമ്മ പരാതിയിൽ ഉറച്ച് നിന്നതോടെ ഇവരുടെ വിഹിതമായ 65,000 രൂപ ബാങ്കിൽ തിരിച്ചടച്ചു. ബാധ്യത ഒഴിവാക്കിയെന്ന് എഴുതി നൽകുകയും ചെയ്തു. എന്നാൽ മീരാമ്മ ബാങ്കിൽ അന്വേഷിച്ചപ്പോൾ മുഴുവൻ തുകയും അടച്ചാൽ മാത്രമേ ബാധ്യതയിൽ നിന്നും ഒഴിവാക്കാൻ കഴിയൂവെന്നറിയച്ചതോടെ വീണ്ടു പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രതികൾ മുഴുവൻ പണവും തിരിച്ചടച്ച് തടിയൂരാൻ ശ്രമം നടത്തുന്നുണ്ട്.