CrimeNEWS

അമിത പലിശ ഈടാക്കി കീശ വീ‍ർപ്പിച്ച ചൈതന്യ ബാങ്കേഴ്സ്; ജീവനക്കാരി അറസ്റ്റിൽ, ഉടമ ഒളിവിൽ; ഒപ്പിട്ട വെള്ള പേപ്പറും ബ്ലാങ്ക് ചെക്കുകളും കണ്ടെടുത്തു

പാലക്കാട്: അമിത പലിശ ഈടാക്കി സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന ഉടമയ്ക്കെതിരെ കേസ്. പാലക്കാട് ചെർപ്പുളശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ചൈതന്യ ബാങ്കേഴ്സ് ഉടമ കുലുക്കല്ലൂർ പന്തലിങ്കൽ വീട്ടിൽ മോഹൻദാസ് (65) എന്നയാൾക്കെതിരെയാണ് കേസ് എടുത്തത്. സ്ഥാപനത്തിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം ജീവനക്കാരി നെല്ലായ പൊമ്പിലായ നെച്ചിപ്പുറത്ത് വീട്ടിൽ ബിന്ദു(42) വിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലൈസൻസ് വ്യവസ്ഥ ലംഘിച്ച് വായ്പക്കാരിൽ നിന്ന് ഒപ്പിട്ട് വാങ്ങി സൂക്ഷിച്ച വെള്ള പേപ്പറും ബ്ലാങ്ക് ചെക്കുകളും ഇവരു‌ടെ ഓഫീസിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അമിത പലിശ ഈടാക്കിയതിന് കേരള മണി ലെൻഡേഴ്സ് ആക്ട് പ്രകാരമാണ് ചെർപ്പുളശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽഹാജരാക്കിയ ബിന്ദുവിനെ റിമാൻ‍ഡ് ചെയ്തു. ഉടമ മോഹൻ ദാസ് ഒളിവിലാണ്. വായ്പക്കാരിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ നിരവധി വെള്ള പേപ്പറുകളും വിവിധ ബാങ്കുകളുടെ ഒപ്പിട്ട അഞ്ച് ചെക്ക് ലീഫുകളും കണ്ടെടുത്തിട്ടുണ്ട്.

Signature-ad

എസ് എച്ച് ഒ ടി ശശികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചൈതന്യ ബാങ്കേഴ്സിന്റെ ചെർപ്പുളശ്ശേരി ഓഫീസിൽ നടത്തിയ പരിശോധനയിലാണ് നിയമ വിരുദ്ധ രേഖകൾ സൂക്ഷിച്ചതായി കണ്ടെടുത്തത്. റെയ്ഡിൽ ഗ്രേഡ് എസ് ഐ ബൈജു പി കെ, സ്വാമിനാഥൻ കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുഭദ്ര. ടി, ശശികുമാർ പി ,ജയകൃഷ്ണൻ കെ എന്നിവർ പങ്കെടുത്തു. ചൈതന്യ ബാങ്കേഴ്സ് ഉടമ കുലുക്കല്ലൂർ പന്തലിങ്കൽ വീട്ടിൽ മോഹൻദാസിനെ പിടികൂടാൻ അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കൊള്ളപലിശക്കാരെ തടയാനായി 2014 മേയിലാണ് ഓപ്പറേഷൻ കുബേര ആരംഭിച്ചത്.

Back to top button
error: