KeralaNEWS

ഏക സിവിൽ കോഡിനെ എതിർത്തുള്ള സെമിനാറിലേക്ക് മുസ്ലിം ലീഗിനെ സിപിഎം ക്ഷണിച്ചപ്പോൾ തന്നെ കോൺഗ്രസുകാർ കൂട്ടക്കരച്ചിൽ തുടങ്ങിയെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പരിഹാസം

കോഴിക്കോട് : ഏക സിവിൽ കോഡിനെ എതിർത്ത് നടത്താനിരിക്കുന്ന സെമിനാറിലേക്ക് മുസ്ലിം ലീഗിനെ സിപിഎം ക്ഷണിച്ചപ്പോൾ തന്നെ കോൺഗ്രസുകാർ കൂട്ടക്കരച്ചിൽ തുടങ്ങിയെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പരിഹാസം. സെമിനാറിന്റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ടാണ് ഓരോരുത്തരെയും വിളിച്ചത്. പരിപാടിയിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലീഗാണ്. അതിൽ അവർ തീരുമാനമെടുത്തുവെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു.

കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തെ രാഷ്ട്രീയ ചർച്ചകളത്രയും ചുറ്റിത്തിരിഞ്ഞത് മുസ്ലിം ലീഗിനെയും സിപിഎമ്മിനെയും ഏക സിവിൽ കോഡിനെയും ബന്ധപ്പെടുത്തിയായിരുന്നു. സിപിഎം നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നതിന് ലീഗിന് ക്ഷണം ലഭിച്ചതോടെയാണ് വിഷയം ചർച്ചയായത്.

Signature-ad

സെമിനാറിനുള്ള സിപിഎം ക്ഷണത്തിന് പിന്നാലെ പങ്കെടുക്കുന്നത് സംബന്ധിച്ച് ലീഗിനുള്ളിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നു. അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ പാണക്കാട് ചേർന്ന നിർണ്ണായക യോഗത്തിൽ പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുത്ത് നിലപാട് അറിയിച്ചു. കോൺഗ്രസിനെ ക്ഷണിക്കാത്ത സെമിനാറിൽ ലീഗ് പങ്കെടുത്താൽ യുഡിഎഫ് മുന്നണി സംവിധാനത്തിന് കടുത്ത ക്ഷീണം ചെയ്യുമെന്നും സിപിഎം ക്ഷണം ദുരുദ്ദേശമുള്ളതാണെന്നും ഇടി മുഹമ്മദ്‌ ബഷീർ, എംകെ മുനീർ, കെപിഎ മജീദ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ ഉന്നയിച്ചു. ഇത് പരിഗണിച്ച നേതൃത്വം, കോൺഗ്രസിനെ പിണക്കി സെമിനാറിൽ പങ്കെടുക്കേണ്ട എന്ന തീരുമാനത്തിലേക്കെത്തി. കോൺഗ്രസിനെ മാറ്റി നിർത്തി സിപിഎം പരിപാടിയിൽ ലീഗ് പങ്കെടുത്താൽ കേരളത്തിന്റെ രാഷ്ട്രീയ സഹചര്യത്തിന് ഭാവിയിൽ അത് ദോഷം ചെയ്യുമെന്നായിരുന്നു ലീഗ് വിലയിരുത്തൽ.

ലീഗ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഏക സിവിൽ കോഡിൽ സിപിഎം രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. ബിജെപി നടത്തുന്ന അതേ വിഭജന ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ചെന്നിത്തല തുറന്നടിച്ചു. സെമിനാറിൽ പങ്കെടുക്കേണ്ടെന്നെന്ന് ലീഗ് തീരുമാനിച്ചത് ആശ്വാസകരമാണെങ്കിലും വിഷയത്തിൽ കർശനമായ ഒരു നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് മേൽ സമ്മർദ്ദം ശക്തമാണ്.

Back to top button
error: