കൊൽക്കത്ത:പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പശ്ചിമ ബംഗാളിലെ നിരവധി പോളിങ് ബൂത്തുകളില്‍ ബോംബേറും വെടിവയ്പ്പും.സംഭവത്തിൽ 9 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
മുര്‍ഷിദാബാദിലാണ് വോട്ടെടുപ്പ് ദിവസം ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നത്. മൂന്നുപേരാണ് ഇവിടെ മാത്രം കൊലചെയ്യപ്പെട്ടത്.കുച്ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവിയെ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു.ഇസ്ലാംപുരില്‍ നടന്ന സംഘര്‍ഷത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകനും ഷംസെര്‍ഗഞ്ചില്‍ ഒരു വനിതാ വോട്ടര്‍ക്കും വെടിയേറ്റു. ഭംഗറിലെ കാശിപൂര്‍ പ്രദേശത്ത് കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ച് റോഡില്‍ കിടന്നിരുന്ന ബോംബുകള്‍ കൊണ്ട് കളിക്കാൻ ശ്രമിച്ച രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു.
വോട്ടെടുപ്പിന്റെ ആദ്യ മൂന്ന് മണിക്കൂറിനിടെ കൊല്ലപ്പെട്ടത് ഒൻപത് പേരാണ്. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പലയിടങ്ങളിലും പോളിങ് ബൂത്തുകള്‍ ആക്രമിച്ച് വോട്ടുപെട്ടികളുള്‍പ്പെടെ നശിപ്പിച്ചു.ആക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.നന്ദിഗ്രാമില്‍ കേന്ദ്ര സേന വോട്ടര്‍മാരോട് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മമതാ ബാനർജി പറഞ്ഞു.
കൂച്ച് ബിഹാര്‍ ജില്ലയിലെ ദിൻഹത ഏരിയയിലെ പോളിങ് ബൂത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടികള്‍ കത്തിച്ചു.അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹായിയായ രാജീവ് സിൻഹ പാര്‍ട്ടിയുടെ പദ്ധതികള്‍ നടപ്പാക്കുകയാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് കൊണ്ടായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.
ജൂണ്‍ എട്ടിന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല നടന്ന അക്രമങ്ങളില്‍ ബംഗാളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി.