ദില്ലി: 100 കോടിയുടെ മുഴുവൻ വായ്പയും തിരിച്ചടച്ചതായി സ്പൈസ് ജെറ്റ്. സിറ്റി യൂണിയൻ ബാങ്കിൽ നിന്നും കടമെടുത്ത 100 കോടി വായ്പയുടെ അവസാന ഗഡുവായ 25 കോടി 2023 ജൂൺ 30 ന് അടച്ചതായി സ്‌പൈസ്‌ജെറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. 2012-ൽ എടുത്ത മുഴുവൻ ലോൺ അക്കൗണ്ടും വിജയകരമായി ക്ലോസ് ചെയ്തതായി സ്‌പൈസ്‌ജെറ്റ് അറിയിച്ചു. ഇതോടെ എയർലൈൻ ബാങ്കിൽ പണയം വെച്ചിട്ടുള്ള എല്ലാ സെക്യൂരിറ്റികളും റിലീസ് ചെയ്തിട്ടുണ്ട്.
സ്‌പൈസ്‌ജെറ്റ് അതിന്റെ എല്ലാ കടക്കാരുമായും സൗഹാർദ്ദപരമായ ബന്ധമാണ് സൂക്ഷിക്കുന്നതെന്നും ഒത്തുതീർപ്പുകൾക്ക് മുൻഗണന നൽകുന്നുവെന്നും എയർലൈൻ വ്യക്തമാക്കി. നോർഡിക് ഏവിയേഷൻ ക്യാപിറ്റലുമായുള്ള (എൻഎസി) വിജയകരമായ ഒത്തുതീർപ്പ് കരാറിന് ശേഷമാണ് സിറ്റി യൂണിയൻ ബാങ്കിലേക്ക് സ്പൈസ് ജെറ്റ് പണം തിരിച്ചടച്ചത്.
കഴിഞ്ഞ മാസം, എയർക്രാഫ്റ്റ് ലെസറായ വിൽമിംഗ്ടൺ ട്രസ്റ്റ് എസ്പി സർവീസസ് (ഡബ്ലിൻ) ലിമിറ്റഡ്, ഇന്ത്യൻ ലോ കോസ്റ്റ് കാരിയറായ സ്പൈസ് ജെറ്റിനെതിരെ പാപ്പരത്ത നടപടികൾ ആരംഭിക്കാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിച്ചിരുന്നു. അതിനുമുമ്പ് വിമാനം വാടകയ്ക്ക് നൽകിയ എയർകാസിലും എഞ്ചിൻ വാടകയ്‌ക്കെടുക്കുന്ന വില്ലിസ് ലീസ് ഫിനാൻസും തങ്ങളുടെ കുടിശ്ശിക തിരിച്ചുപിടിക്കാൻ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
2023 മെയ് മാസത്തിൽ, വാടകക്കാരുടെ അഭ്യർത്ഥനപ്രകാരം സ്‌പൈസ് ജെറ്റിന്റെ മൂന്ന് വിമാനങ്ങളുടെ രജിസ്‌ട്രേഷൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) റദ്ദാക്കിയിരുന്നു. ബോയിംഗ് 737 മാക്‌സ്, ബോയിംഗ് 700, ക്യു 400 എന്നിവയുൾപ്പെടെയുള്ള വിമാനങ്ങൾ ഉപയോഗിച്ച് നിലവിൽ 48 ആഭ്യന്തര റൂട്ടുകളിലേക്കും അന്താരാഷ്ട്ര റിപ്പോട്ടുകളിലേക്കും സ്‌പൈസ്‌ജെറ്റ് പ്രതിദിനം 250 ഫ്ലൈറ്റ് സർവീസ് നടത്തുന്നുണ്ട്.