തിരുവനന്തപുരം:ദേശീയപാത 66 ആറുവരിയാകുന്നതോടെ കേരളത്തിൽ തുറക്കുന്നത് 11 ടോള്‍ബൂത്തുകള്‍. ഓരോ 50-60 കിലോമീറ്ററിനുള്ളില്‍ ഓരോ ടോള്‍പ്ലാസകളുണ്ടാകും.
ദേശീയപാതാ അതോറിറ്റി നേരിട്ടാണ് ടോള്‍പിരിക്കുക. നിര്‍മാണച്ചെലവ് തിരിച്ചുകിട്ടിയാല്‍ ടോള്‍ത്തുക 40 ശതമാനം കുറയ്ക്കാനാണ് ധാരണ. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ടു ടോള്‍ബൂത്തുകളുണ്ടാകും. മറ്റു ജില്ലകളില്‍ ഓരോന്നും. എട്ടുറീച്ചുകളില്‍ നിര്‍മാണം പൂര്‍ത്തിയായി. ബാക്കി 12 റീച്ചുകളിലെ നിര്‍മാണോദ്ഘാടനം കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനംചെയ്തത്.
646 കിലോമീറ്ററാണ് കേരളത്തില്‍ പാതയുടെ നീളം. 2025-ഓടെ കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെയുള്ള ഭാഗം പൂര്‍ണമായും തുറക്കുമെന്ന് ദേശീയപാതാധികൃതര്‍ സൂചിപ്പിച്ചു.